ശിഹാബ് തങ്ങൾ മതമൈത്രിക്കായി പ്രവർത്തിച്ച നേതാവ്: ആന്റണി

കേരള മുസ്‌ലിം കൾച്ചറൽ സെന്റർ ഡൽഹി ഘടകം സംഘടിപ്പിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണത്തിൽ‌ കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി പ്രസംഗിക്കുന്നു.

ന്യൂഡൽഹി∙ വോട്ടിനായി കേന്ദ്ര ഭരണകൂടം സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇക്കാലത്ത് ഒന്നല്ല, ആയിരം ശിഹാബ് തങ്ങളുമാർ രാജ്യത്തിന് ആവശ്യമാണെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി. കേരള മുസ്‌ലിം കൾച്ചറൽ സെന്റർ (കെഎംസിസി) ഡൽഹി ഘടകം സംഘടിപ്പിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം സമുദായത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം കേരളത്തിൽ മതമൈത്രി നിലനിർത്തുന്നതിൽ തങ്ങൾ വഹിച്ച പങ്ക് വലുതാണ്. രാജ്യത്ത് ധ്രുവീകരണം നടത്താൻ ശ്രമിക്കുന്ന ശക്തികളെ പരാജയപ്പെടുത്താൻ ശിഹാബ് തങ്ങളെപ്പോലുള്ളവർ അനിവാര്യമാണ്. 

ജാഡകളില്ലാത്ത, ബഹളങ്ങളില്ലാത്ത നേതാവായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിൽ മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിൽ ശിഹാബ് തങ്ങളും സി.എച്ച്. മുഹമ്മദ് കോയയും നിർണായക പങ്കു വഹിച്ചു. ഒന്നാം യുപിഎ സർക്കാരിൽ ലീഗിനു മന്ത്രിസ്ഥാനം വേണമെന്ന തങ്ങളുടെ ആഗ്രഹം മനസ്സിലാക്കിയ സോണിയ ഗാന്ധി രണ്ടാമതൊന്ന് ആലോചിക്കാതെ ഇ.അഹമ്മദിനെ കേന്ദ്ര മന്ത്രിയാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ആന്റണി പറഞ്ഞു.

കേന്ദ്ര സർക്കാരിനു കീഴിൽ കഴിഞ്ഞ നാലു വർഷം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമങ്ങൾ പെരുകുകയാണെന്നു മുഖ്യ പ്രഭാഷണം നടത്തിയ ശശി തരൂർ എംപി ആരോപിച്ചു. രാജ്യത്ത് ചിലയിടങ്ങളിൽ മുസ്‍ലിം ആയി ജീവിക്കുന്നതിനേക്കാൾ സുരക്ഷ പശുവായി ജീവിക്കുന്നതാണ്. ദേശീയത ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നു. ദേശീയത സംബന്ധിച്ച സങ്കുചിത മനോഭാവം പുലർത്തുന്നവർ എതിർപക്ഷത്തുള്ളവരെ വേട്ടയാടുന്നു. സഹിഷ്ണുത സംബന്ധിച്ച ഹൈന്ദവ മൂല്യങ്ങൾക്കെതിരായ ദേശീയവാദമാണു ഭരണകക്ഷി ഉയർത്തുന്നതെന്നും തരൂർ കുറ്റപ്പെടുത്തി. 

എംപിമാരായ എം.ബി.രാജേഷ്, കെ.സി.വേണുഗോപാൽ, കെ.വി.തോമസ്, പി.കെ. കുഞ്ഞാലിക്കുട്ടി, ബിനോയ് വിശ്വം, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, കെഎംസിസി ഡൽഹി പ്രസിഡന്റ് ഹാരിസ് ബീരാൻ എന്നിവർ പ്രസംഗിച്ചു.