ഒടിപി നമ്പർ ചോർത്തി പണം തട്ടിപ്പ്: ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ

അറസ്റ്റിലായ മഹാദേവ

പാലക്കാട്∙ ഒടിപി നമ്പർ ചോർത്തി പണം തട്ടിയെടുത്ത സംഭവത്തിൽ ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഫോണിൽ വിളിച്ചാണു രഹസ്യ വിവരങ്ങൾ ചോർത്തിയത്. ധൻബാദ് ജില്ലയിലെ ബിരാജ്പൂർ സ്വദേശി മഹാദേവ (മഹാതോ 30) നെയാണു ചെന്നൈയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

പാലക്കാട്ടെ സ്കൂൾ അധ്യാപികയുടെ പണമാണ് ഇയാൾ അടങ്ങുന്ന സംഘം തട്ടിയെടുത്തത്. എസ്ബിഐ ആസ്ഥാനത്തു നിന്നാണ് വിളിക്കുന്നത് എന്നു പറഞ്ഞ് ഒടിപി നമ്പർ ചോർത്തുകയായിരുന്നു. വിവരങ്ങൾ കൈമാറിയ ഉടൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് 25000 രൂപ നഷ്ടപ്പെട്ടു. ഇതോടെയാണു തട്ടിപ്പ് മനസിലായത്.

ഫോണിലേക്ക് വന്ന നമ്പരും പണം നിക്ഷേപിക്കപ്പെട്ട ബാങ്ക് അക്കൗണ്ട് നമ്പരും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ജാർഖണ്ഡ്, ബിഹാർ, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള വൻ സംഘമാണു തട്ടിപ്പിനു പിന്നിലെന്ന് കണ്ടെത്തി. ഇവർക്ക് മാവോയിസ്റ്റ്, തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിനായി ബിഹാറിലേക്ക് ഉടൻ പോകുമെന്നും അന്വേഷണ സംഘം അറിയിച്ചു.