ഇടുക്കി–ചെറുതോണിയിലെ അഞ്ചു ഷട്ടറും ഉയർത്തി; കുത്തൊഴുക്ക്, 10,000 പേരെ ഒഴിപ്പിച്ചു

നെഞ്ചിടിപ്പോടെ.. ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും ഉയർത്തിയതിനെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ ചെറുതോണി പാലം മുങ്ങുന്നതിനു തൊട്ടുമുൻപ് പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിക്കാനുള്ള ദുരന്തനിവാരണ സേനാംഗങ്ങളുടെ ഓട്ടം. ഇവർ കടന്നതിനു പിന്നാലെ ശക്തമായ വെള്ളപ്പാച്ചിലിൽ പാലം അപകടനിലയിലായി. ചിത്രം: റിജോ ജോസഫ് ∙ മനോരമ

ഇടുക്കി ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകൾ ഉയർത്തിയ ശേഷവും ജലനിരപ്പു കുറയാതിരുന്നത് പകൽ ആശങ്ക സൃഷ്ടിച്ചെങ്കിലും വൈകിട്ടോടെ നേരിയ ആശ്വാസം. ഇന്നലെ വൈകിട്ട് ആറിനു 2401.70 അടി വരെയെത്തിയ ജലനിരപ്പ് രാത്രി ഒന്‍പതിനു 2401.62 അടിയായി കുറഞ്ഞു. അതേസമയം, എറണാകുളം ജില്ലയിൽ പെരിയാറിന്റെ ജലനിരപ്പു രാത്രിയോടെ ഉയർന്നുതുടങ്ങി. ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിലെ 2809 കുടുംബങ്ങളിൽ നിന്നായി 9597 പേരെ മാറ്റിപ്പാർപ്പിച്ചു. പറവൂർ, കണയന്നൂർ, കുന്നത്തുനാട്, ആലുവ താലൂക്കുകളിലായി വൈകിട്ട് ഏഴു വരെ 68 ക്യാംപുകൾ തുറന്നു; പറവൂർ താലൂക്കിൽ മാത്രം 44 ക്യാംപുകൾ. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 53,501 പേര്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്. വിവിധ ജില്ലകളിലെ കണക്കിങ്ങനെ: വയനാട് 7367, പാലക്കാട് 3000, മലപ്പുറം 1050, തൃശൂര്‍ 1029, കോഴിക്കോട് 848, കണ്ണൂര്‍ 539, ഇടുക്കി 533, കൊല്ലം ഒന്‍പത്. 

രാത്രിയോടെ കാലടി, മലയാറ്റൂർ, ആലുവ മേഖലകളിൽ പെരിയാറിന്റെ ജലനിരപ്പ് ഒരടിയോളം ഉയർന്നു. ആലുവ മണപ്പുറം മുങ്ങിയതിനാൽ ഇന്നു കർക്കടക വാവുബലിക്കു പ്രത്യേകമായ സജ്ജീകരണങ്ങളൊരുക്കി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ വെള്ളപ്പൊക്കം ബാധിച്ചില്ല. 

ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ അതീവ ജാഗ്രതാനിർദേശവും ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ജാഗ്രതാനിർദേശവും നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു ഹെലികോപ്റ്ററിൽ ദുരിതമേഖലകൾ സന്ദർശിക്കും. 

മൂഴിയാർ, മണിയാർ അണക്കെട്ടുകളും തുറന്നതോടെ പമ്പ കരകവിഞ്ഞു. തീരത്ത് അതീവ ജാഗ്രതാനിർദേശം. ശബരിമലയിലെ പമ്പ ത്രിവേണി പൂർണമായും മുങ്ങി. കൊല്ലം തെന്മല പരപ്പാർ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും കൂടുതൽ ഉയർത്തിയതോടെ കല്ലടയാറിലെ ജലനിരപ്പ് ഉയർന്നു. 

തീരങ്ങളിൽ താമസിക്കുന്നവർക്കു ജാഗ്രതാനിർദേശം നൽകി. മൂന്നു കുടുംബങ്ങളിലെ ഒൻപതു പേരെ മാറ്റിപ്പാർപ്പിച്ചു. കക്കി ഡാം തുറന്നുവിട്ടതോടെ കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പുയരാൻ സാധ്യത. മീനച്ചലാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ പെയ്തതും ജലനിരപ്പ് ഉയരാൻ കാരണമായേക്കും.  

ഇന്നലെ ഉച്ചയ്ക്ക് ഇടുക്കി ചെറുതോണിയിലെ അഞ്ചു ഷട്ടറുകളും തുറന്നിട്ടും ജലനിരപ്പു കൂടിയതോടെ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവു കൂട്ടുകയായിരുന്നു. രാത്രി മുതൽ സെക്കൻഡിൽ എട്ടുലക്ഷം ലീറ്റർ വെള്ളമാണു ചെറുതോണിപ്പുഴയിലെത്തുന്നത്. എന്നാൽ കനത്ത മഴയും നീരൊഴുക്കും മൂലം സെക്കൻഡിൽ 9.5 ലക്ഷം ലീറ്റർ വെള്ളമാണു അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. 

2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയായി പറയുന്നതെങ്കിലും 2408.5 അടി വരെ സംഭരിക്കാനാകുമെന്നു കെഎസ്‌ഇബി അറിയിച്ചു. ചെറുതോണി പാലം വെള്ളത്തിനടിയിലാണ്. ചെറുതോണി ടൗണിലും വെള്ളം കയറി. ഹൈറേഞ്ചിലേക്കുള്ള പ്രധാന മാർഗമായ തൊടുപുഴ – പുളിയൻമല സംസ്‌ഥാനപാത കടന്നുപോകുന്നതു ചെറുതോണിപ്പുഴയിലൂടെയാണ്. അടിയന്തര സാഹചര്യം നേരിടാൻ 45 സൈനികരും 46 ദേശീയ ദുരന്തപ്രതികരണ സേനാംഗങ്ങളും ഇടുക്കി ജില്ലയിലെത്തി.