മഴക്കെടുതികളിൽ മരണം 29; നാലു പേരെ കാണാതായി

റിനീഷ് തോമസ്, കാണാതായ കൃഷ്ണൻകുട്ടി.

മഴക്കെടുതികളിൽ മരണം 29 ആയി. നാലു പേരെ കാണാതായി. 21 പേർക്കു പരുക്കേറ്റു. നിലമ്പൂർ എരുമമുണ്ട ചെട്ടിയാംപാറ ഉരുൾപൊട്ടലിൽ കഴിഞ്ഞ ദിവസം കാണാതായിരുന്ന പറമ്പാടൻ സുബ്രഹ്മണ്യന്റെ (35) മൃതദേഹം കണ്ടെത്തി. ഇതോടെ ഈ കുടുംബത്തിലെ അഞ്ചുപേരും മരിച്ചു. വിരുന്നെത്തിയ സഹോദരീപുത്രനും മരിച്ചിരുന്നു.

ഇടുക്കി അടിമാലിയിൽ മണ്ണിടിച്ചിലിൽപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. അടിമാലി പണിക്കൻകുടിക്കു സമീപം റോഡിലേക്കുണ്ടായ മണ്ണിടിച്ചിലിലാണു ചിന്നാർ നിരപ്പ് മനക്കപറമ്പിൽ തോമസിന്റെ മകൻ റിനീഷ് തോമസ് (30) മരിച്ചത്. ഇതോടെ അടിമാലി മേഖലയിൽ രണ്ടുദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. റിനീഷിന്റെ മാതാവ്: സൂസമ്മ. സഹോദരി: നിഷ.

മൂലമറ്റം ചേറാടി മള്ളുവേലിൽ കൃഷ്ണൻകുട്ടിയെ (47) മലവെള്ളപ്പാച്ചിലിൽ കാണാതായി. വ്യാഴാഴ്ച വൈകിട്ടു ചേറാടിക്കു സമീപം നച്ചാറിനു കുറുകെയുള്ള പാലത്തിലൂടെ പോകുമ്പോൾ കൈവരി തകർന്നു മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടതായാണു സംശയം. ഇന്നലെ വൈകിട്ടു വരെ തിരച്ചിൽ നടത്തിയെങ്കിലും കൃഷ്ണൻകുട്ടിയെ കണ്ടെത്താനായില്ല. ഭാര്യ മിനി മക്കൾ അശ്വതി, ആതിര, അനില. 

മുരിക്കേരി രാജപുരത്തു വ്യാഴാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ മുരിക്കാശേരി രാജപുരം കരിങ്കുളത്ത് രാജൻ(56), സഹോദരി ഉഷ(48) എന്നിവരെക്കുറിച്ചു വിവരമില്ല. ഇവരുടെ അമ്മ മീനാക്ഷിയുടെ (90) മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വയനാട് വൈത്തിരി- കൽപറ്റ റോഡിൽ വെള്ളാരംകുന്നിൽ മണ്ണിടിഞ്ഞു വീണു മേപ്പാടി കടൽമാട് വാറങ്ങോടൻ ഷൗക്കത്തലി(33) മരിച്ചു. കൊല്ലം കുമ്മിൾ മുല്ലക്കര കോലിഞ്ചി അഖിൽ ഭവനിൽ അഖിൽ(27) തോട്ടിൽ മുങ്ങിമരിച്ചു.