കപ്പൽ കൂട്ടിയിടി: കടലിൽ പുതിയ നടപടിക്രമം നടപ്പാക്കുമെന്ന് കേന്ദ്ര ഷിപ്പിങ് സെക്രട്ടറി

കൊച്ചി∙ കപ്പലും മൽസ്യബന്ധന ബോട്ടുകളും തമ്മിൽ കൂട്ടിയിടി വർധിക്കുന്ന സാഹചര്യത്തിൽ സമുദ്രത്തിൽ പാലിക്കേണ്ട പുതിയ നടപടിക്രമങ്ങൾക്കു രൂപം നൽകുകയാണെന്നു കേന്ദ്ര ഷിപ്പിങ് സെക്രട്ടറി ഗോപാൽ കൃഷ്ണ അറിയിച്ചു. ഷിപ്പിങ് ഡയറക്ടർ ജനറൽ ഇതുസംബന്ധിച്ച യോഗം വിളിച്ചു.

ബോട്ടുകൾ കൈവശം കരുതേണ്ട ഉപകരണങ്ങൾ ഏതൊക്കെയെന്നു നിർദേശിക്കും. കപ്പൽ വരുന്നതു ദൂരെനിന്നുതന്നെ അറിയാനുള്ള ഉപകരണങ്ങൾ വേണം. ‍കപ്പലുകൾക്കും ബോട്ടുകൾക്കും വെവ്വേറെ റൂട്ടുകൾ നിശ്ചയിച്ചു നൽകണം. മാത്രമല്ല ഇക്കാര്യത്തിൽ മൽസ്യത്തൊഴിലാളികൾക്കും ബോട്ട് ഓടിക്കുന്നവർക്കും ഫിഷറീസ് വകുപ്പ് ബോധവൽക്കരണം നടത്തണമെന്നും ഷിപ്പിങ് സെക്രട്ടറി ആവശ്യപ്പെട്ടു.

കൊടുങ്കാറ്റിനെപ്പറ്റിപോലും മൽസ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പു ലഭിക്കുന്ന സാഹചര്യത്തിൽ കപ്പലിന്റെ വരവിനെക്കുറിച്ചു മുന്നറിയിപ്പു ലഭിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.