പ്രളയത്തിൽ തകർന്നത് 4000 കോടിയുടെ റോഡുകളെന്നു മന്ത്രി സുധാകരൻ

ആലപ്പുഴ∙ സംസ്ഥാനത്തു പ്രളയക്കെടുതിയി‍ൽ 4000 കോടി രൂപയുടെ റോഡു തകർച്ചയുണ്ടായതായി മന്ത്രി ജി.സുധാകരൻ. അവസാനമുണ്ടായ വെള്ളക്കെടുതികളിൽ 1000 കോടിയുടെ കൂടി റോഡു തകർന്നു. ഇതിന്റെ എസ്റ്റിമേറ്റ് എടുക്കും. വെള്ളപ്പൊക്ക കെടുതിയിലായ 15 പാലങ്ങൾക്കു ബലക്ഷയമുള്ളതായി പരാതിയുയർന്നിട്ടുണ്ട്. ഇതൊന്നും വലിയ പാലങ്ങളല്ലെന്നും മന്ത്രി പറഞ്ഞു.

കനത്ത മഴയിൽ തകർന്ന ആലപ്പുഴ–ചങ്ങനാശേരി (എസി) റോഡിലെ 24 കിലോമീറ്റർ റോഡ് മന്ത്രി ഉദ്യോഗസ്ഥർക്കൊപ്പം സന്ദർശിച്ചു. റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് അടിയന്തര റിപ്പോർട്ട് നൽകാൻ നിർദേശം നൽകി. എസി റോഡിലൂടെ നാലു കിലോമീറ്റർ യാത്ര ചെയ്തപ്പോൾ 644 കുഴികളെണ്ണാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.