ചീഫ് വിപ്: സിപിഐയുട‌െ തീരുമാനം 20ന് സംസ്ഥാന എക്സിക്യൂട്ടീവിൽ

തിരുവനന്തപുരം∙ ചീഫ് വിപ്പ് ആരാകണമെന്ന് 20നു ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിക്കും. എൽഡിഎഫ് നിയമസഭാകക്ഷി സെക്രട്ടറിയായ മുല്ലക്കര രത്നാകരന്റെ പേരാണു മുഖ്യമായും പരിഗണിക്കുന്നതെങ്കിലും വടക്കൻ ജില്ലകളിൽനിന്നുള്ളവരെ പരിഗണിക്കണമെന്ന ശക്തമായ ആവശ്യം പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. അതിനാൽ ഇ.എസ്.ബിജിമോൾ, ചിറ്റയം ഗോപകുമാർ, കെ.രാജൻ എന്നിവർക്കു പുറമെ ഇ.കെ.വിജയന്റെ പേരുകൂടി പാർട്ടി പരിഗണിക്കുന്നു.

ആയുർവേദ ചികിൽസയ്ക്കായി മുണ്ടൂർക്കു പോയ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ 19നു തലസ്ഥാനത്തു മടങ്ങിയെത്തും. 20നു ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തിൽ സിപിഐക്കു മന്ത്രിസ്ഥാനംതന്നെ വേണമെന്ന വാദം ഒരു വിഭാഗം ഉയർത്തിയേക്കും. എന്നാൽ ഇക്കാര്യത്തിൽ പിടിവാശി വേണ്ടെന്നാണു നേതൃത്വത്തിന്റെ നിലപാട്.

ഒരു മന്ത്രി കൂടിയായാൽ മന്ത്രിമാരുടെ എണ്ണം കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തേതിനെക്കാൾ ഒന്നു കുറവാണെന്ന മെച്ചം എൽഡിഎഫ് സർക്കാരിനു നഷ്ടപ്പെടും. അഞ്ചാം മന്ത്രിയുടെ പേരിൽ യുഡിഎഫിനെതിരെ ഉയർത്തിയ വിമർശനങ്ങൾക്കു തിരിച്ചടി ആകുകയും ചെയ്യും.