വൈത്തിരിയിൽ രണ്ടുനിലക്കെട്ടിടം ഇടിഞ്ഞുതാഴ്ന്നു, ആളപായമില്ല

വൈത്തിരി പ​ഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം ഇടിഞ്ഞു താഴ്ന്ന നിലയിൽ. രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ ഒരു നില പൂർണമായും മണ്ണിനടിയിലായി.

വൈത്തിരി (വയനാട്)∙ കനത്ത മഴയിൽ വൈത്തിരിയിൽ ബസ് സ്റ്റാൻഡ് കെട്ടിടം ഇടിഞ്ഞു താഴ്ന്നു. രണ്ടു നിലകളുള്ള കെട്ടിടമാണ് ഇന്നലെ പൂർണമായും മണ്ണിനടിയിലേക്കു താഴ്ന്നത്. പുലർച്ചെയായതിനാൽ സ്റ്റാൻഡിൽ ആളുണ്ടായിരുന്നില്ല.  എടിഎം കൗണ്ടർ, കടകൾ, ശുചിമുറി എന്നിവയുള്ള താഴെത്തെ നില പൂർണമായും മണ്ണിനടിയിലായി. മുകൾ നിലയിൽ പണി പൂർത്തിയാക്കി ഉദ്ഘാടനത്തിനു തയാറായ കമ്യൂണിറ്റി ഹാളും താഴ്ന്നുപോയി.

കെട്ടിടത്തിനകത്തു നിർത്തിയിരുന്ന ‍ഡിടിപിസിയുടെ ട്രാവലറും ഒരു കാറും തകർന്നു. ബസ് സ്റ്റാൻ‍ഡ് കെട്ടിടത്തിന്റെ പിറകിൽ തെ‌ാട്ടുമുകളിലുള്ള വീട് എപ്പോൾ വേണമെങ്കിലും വീഴാവുന്ന നിലയിലാണ്. കെട്ടിടത്തിന്റെ മുകൾ ഭാഗത്തായുള്ള മൂന്നു വീടുകളും അങ്കണവാടി കെട്ടിടവും അപകടാവസ്ഥയിലാണ്.