വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ രണ്ടു വൈദികർ കീഴടങ്ങി

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി ഫാ. ഏബ്രഹം വർഗീസിനെ തിരുവല്ല കോടതിയിൽ നിന്ന് പത്തനംതിട്ട സബ് ജയിലിലേക്ക് കൊണ്ടുപോകുന്നു (ഇടത്). വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിൽ കീഴങ്ങിയ വൈദികൻ ജെയ്സ്.കെ. ജോർജ്.

കൊല്ലം/തിരുവല്ല ∙ വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ ഓർത്തഡോക്സ് വൈദികൻ ഫാ.ഏബ്രഹാം വർഗീസ് (45) തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലും നാലാം പ്രതി ഫാ. ജെയ്‌സ് കെ.ജോർജ് (40) കൊല്ലത്ത് ക്രൈംബാഞ്ച് അന്വേഷണ സംഘത്തിനു മുന്നിലും കീഴടങ്ങി. മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതിനെ തുടർന്നാണു കീഴടങ്ങൽ. ഫാ.ജെയ്‌സ് ഇന്നലെ രാവിലെ പത്തേകാലോടെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി കീഴടങ്ങുകയായിരുന്നു. തുടർന്ന് വൈദ്യപരിശോധനയ്ക്കു വിധേയനാക്കി.

ഡിവൈഎസ്പി: ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. ഇന്നുകോടതിയിൽ ഹാജരാക്കും. ഫാ.ഏബ്രഹാം വർഗീസിനെ പത്തുദിവസത്തേക്കു റിമാൻഡ് ചെയ്തു. ഇദ്ദേഹം ഇന്നലെ 11 മണിയോടെയാണ് കോടതിയിൽ എത്തിയത്. കീഴടങ്ങിയതിനു പിന്നാലെ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. തുടർന്നാണ് 23 വരെ റിമാൻഡ് ചെയ്തത്. ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഫാ.ഏബ്രഹാം വർഗീസിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി വ്യാഴാഴ്ച അന്വേഷണസംഘം അപേക്ഷ നൽകും. കേസിൽ നേരത്തേ അറസ്റ്റിലായ രണ്ടാംപ്രതി ഫാ.ജോബ് മാത്യുവിനും മൂന്നാംപ്രതി ഫാ.ജോൺസൺ വി.മാത്യുവിനും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.