ദുരിതാശ്വാസം: സിപിഐ 10 ലക്ഷം നൽകി

തിരുവനന്തപുരം∙ പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സിപിഐ ആദ്യ ഗഡുവായി 10 ലക്ഷം രൂപ കൈമാറി. പാർട്ടി ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനും സംസ്ഥാന അസി. സെക്രട്ടറി കെ.പ്രകാശ് ബാബുവും ചേർന്നാണു തുകയുടെ ചെക്ക് മുഖ്യമന്ത്രിക്കു നൽകിയത്. സ്വാതന്ത്ര്യദിനത്തിൽ സിപിഐ പ്രവർത്തകർ സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു തുക സമാഹരിക്കും.

∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ കോൺഗ്രസ് പ്രവർത്തകരും ഉദാരമായ സംഭാവന നൽകണമെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ നിർദേശിച്ചു. മരുന്ന്, അരി, വസ്ത്രം തുടങ്ങിയവ പരമാവധി സമാഹരിച്ചു നൽകാൻ കോൺഗ്രസ് പ്രവർത്തകർ മുൻകൈ എടുക്കണം. സ്വന്ത നിലയിൽ ഹസൻ 25,000 രൂപ സംഭാവന നൽകി.

∙ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഒരു മാസത്തെ ശമ്പളമായ 90,512 രൂപ നൽകി. ഒ.രാജഗോപാൽ എംഎൽഎ ഒരു മാസത്തെ ശമ്പളമായ 50,000 രൂപ സംഭാവന ചെയ്തു.