കരകയറ്റാൻ കൂടെയുണ്ട് നാട്

ആലപ്പുഴ∙ പേമാരിയും കിഴക്കൻവെള്ളത്തിന്റെ കുത്തൊഴുക്കും പ്രളയഭൂമിയാക്കിയപ്പോൾ മലയാളികളെ ഒന്നാകെ കുട്ടനാടിനൊപ്പം ചേർത്തു നിർത്താൻ മലയാള മനോരമ തുടക്കമിട്ട ‘കൂടെയുണ്ട് നാട്’ പദ്ധതി പ്രളയബാധിത ജില്ലകളിലേക്കാകെ വ്യാപിച്ച് ആശ്വാസവുമായി മുന്നോട്ട്.

കുട്ടനാട് ഒറ്റപ്പെട്ടുനിന്നപ്പോൾ ജൂൺ 23 ന് നെടുമുടി, കൈനകരി പഞ്ചായത്തുകളിൽ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചായിരുന്നു തുടക്കം. തുടർന്ന് ദുരിതാശ്വാസ ക്യാംപുകളിൽ നിന്നു ജനങ്ങൾ വീടുകളിലെത്തുന്നതുവരെ അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറി, പുതുവസ്ത്രങ്ങൾ, സാനിട്ടറി നാപ്കിൻ, ശുദ്ധജലം എന്നിവയുൾപ്പെടെ കുട്ടനാടിനു ജീവിതതാളം തിരിച്ചുപിടിക്കാനാവശ്യമായതെല്ലാം കേരളത്തിലെയും വിദേശത്തെയും മനോരമ വായനക്കാരുടെ സഹായത്തോടെ എത്തിച്ചു. ഏകദേശം 420 കേന്ദ്രങ്ങളിലായി ഇരുപതിനായിരത്തിലധികം കുടുംബങ്ങളിലേക്കാണു മനോരമയിലൂടെ കേരളം സഹായമെത്തിച്ച്, ‘കൂടെയുണ്ട് നാട്’ എന്നു പ്രഖ്യാപിച്ചത്. ചലച്ചിത്രതാരങ്ങളായ മഞ്‍ജു വാരിയർ, പാർവതി എന്നിവർ നേരിട്ടെത്തി സഹായങ്ങൾ വിതരണം ചെയ്തു.

ജൂൺ 31 ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളി പാരിഷ് ഹാളിൽ, തിരുവല്ല ബിലേവേഴ്സ് ചർച്ച് മെഡിക്കൽ കോളജിന്റെ സഹകരണത്തോടെ ആദ്യ മെഡിക്കൽ ക്യാംപ് മനോരമ സംഘടിപ്പിച്ചു. 1147 പേരാണ് ചികിൽസ തേടിയത്. തുടർന്ന് കോട്ടയത്ത് കല്ലറ, കുമരകം എന്നിവിടങ്ങളിലും ക്യാംപ് സംഘടിപ്പിച്ചു. ആയിരത്തോളം പേരാണ് ഇവിടെ പങ്കെടുത്തത്. നാലാമത്തെ മെഡിക്കൽ ക്യാംപ് ഇന്ന് ആലപ്പുഴ തലവടി പഞ്ചായത്തിൽ നടക്കും. കുട്ടനാട്ടിലെ എല്ലാ പഞ്ചായത്തുകളിലും ക്യാംപ് സംഘടിപ്പിക്കുന്നുണ്ട്.

പ്രളയം വലിയ നഷ്ടം വരുത്തിയതു വിദ്യാർഥികൾക്കാണ്. മൂന്നാഴ്ചയോളം ക്ലാസ് മുടങ്ങി. പാഠപുസ്തകങ്ങളും നോട്ട് ബുക്കുകളും ഉൾപ്പെടെ നഷ്ടമായി. കുട്ടനാട്ടിലെ കൂട്ടുകാർക്കായി മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ നിന്നു നോട്ട് ബുക്കുകളും പഠന സാമഗ്രികളും എത്ത‍‍ിയതു കേരളം മുൻപൊരിക്കലും കാണാത്ത മുന്നേറ്റമായി. ഒരു ലക്ഷത്തിലധികം നോട്ട് ബുക്കുകളും പഠന സാമഗ്രികളും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം 11 ന് മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. ഉപജില്ലാതല വിതരണത്തിന് ഇന്നലെ തലവടിയിൽ തുടക്കം കുറിച്ചു. വെളിയനാട്, മങ്കൊമ്പ് ഉപജില്ലകൾക്കുള്ള പുസ്തക വിതരണം അടുത്ത ദിവസങ്ങളിൽ നടക്കും.

ശനിയാഴ്ച ഒരു ദിവസത്തേക്ക് എന്ന നിലയിൽ സഹായവസ്തുക്കൾ ശേഖരിക്കാനുദ്ദേശിച്ചത് മനോരമ കോഴിക്കോട് യൂണിറ്റിൽ രണ്ടു ദിവസം കഴിഞ്ഞും നീണ്ടു. ഇന്നലെ ലഭിച്ച വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും ഇന്നലെത്തന്നെ വയനാട്ടിൽ ജില്ലാ ഭരണകൂടത്തിന്റെ ഏകോപനശൃംഖലയിലൂടെ ക്യാംപുകളിലെത്തിച്ചു. 13 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ ശനിയാഴ്ച വയനാട്ടിലെത്തിച്ചിരുന്നു.

പത്തനംതിട്ട റാന്നി പെരുനാട് ബഥനി കോൺവന്റിന്റെ ജീവകാരുണ്യ പ്രവർത്തന ഫണ്ടിൽനിന്ന് ഒരുലക്ഷം രൂപ മദർ സ്മൂനി കൈമാറി. 

തിരുവനന്തപുരം വഴുതക്കാട് ആർടെക് കല്യാണിയിലെ കെ.ജി.കെ.പണിക്കർ ഒരുലക്ഷം രൂപ പദ്ധതിക്കായി നൽകി.  

 കണ്ണൂർ ജില്ലയിലെ ഇരിട്ടി, കൊട്ടിയൂർ മേഖലയിലെ ദുരിതാശ്വാസത്തിനായി മനോരമ യൂണിറ്റിലും സബ് ഓഫിസുകളിലും ലഭിച്ച അരി, വസ്ത്രങ്ങൾ, സോപ്പ്, പേസ്റ്റ്, ചെരിപ്പ്, കുപ്പിവെള്ളം, ലഘുഭക്ഷണം എന്നിവ കലക്ടറേറ്റ് കൺട്രോൾ റൂമിനു കൈമാറി. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂൾ 1987 എസ്എസ്‌സി ബാച്ച് പൂർവവിദ്യാർഥികൾ 1000 കിലോ അരി മനോരമ ഓഫിസിലെത്തിച്ചു. കണ്ണൂർ താഴെചൊവ്വയിലെ ടാക്സി തൊഴിലാളികൾ 10 ചാക്ക് അരി കൈമാറി. 

 എറണാകുളത്ത് പ്രളയക്കെടുതിയിൽപെട്ട തീരദേശത്തെ എഴുനൂറ്റൻപതോളം കുടുംബങ്ങൾക്കു പച്ചക്കറിക്കിറ്റ്, ഭക്ഷണക്കിറ്റ്, വസ്ത്രങ്ങൾ, ചെരുപ്പുകൾ, മരുന്നുകൾ എന്നിവ കൈമാറി. ചെല്ലാനം, മറുവാക്കാട്, പട്ടത്തിപ്പറമ്പ്, പലതുള്ളിക്കിണർ, വേളാങ്കണ്ണി പള്ളി െമെതാനം, കംപ്യട്ടർ സെന്റർ, കോർട്ടീന ആശുപത്രി, കമ്പനിപ്പടി, വിക്ടോറിയ കോൺവന്റ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണു വിതരണം നടത്തിയത്. 

 മനോരമ പാലക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ വായനക്കാരുടെ പിന്തുണയോടെ ഒരുലക്ഷത്തോളം രൂപയുടെ സഹായം നൽകി. പുതപ്പുകൾ, വസ്ത്രങ്ങൾ. സാനിറ്ററി നാപ്കിനുകൾ, ടൂത്ത്ബ്രഷ്, പേസ്റ്റ്, ചെരുപ്പ്, അരി, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ വായനക്കാർ എത്തിച്ചു.

സഹായനിധിയിൽ പങ്കു ചേരാം

‘കൂടെയുണ്ട് നാട്’ സഹായനിധിയിലേക്കു 25 ലക്ഷം രൂപ കൈമാറി മലയാള മനോരമ തുടക്കമിട്ട ദൗത്യത്തിൽ വായനക്കാർക്കും പങ്കുചേരാം. മലയാള മനോരമ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ ചെക്ക് ആയി കൈമാറുകയോ അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യുകയോ ആകാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോട്ടയം ടൗൺ ബ്രാഞ്ചിലെ അക്കൗണ്ട് നമ്പർ: 57051893138. ഐഎഫ്എസ് കോഡ്: SBIN0070102.