ഉരുൾവെള്ളത്തിന് ഒരു നിമിഷം; തകർന്നടിഞ്ഞത് നൗഫലിന്റെ സ്വപ്നം

കുറിച്യർമലയിൽ ഉരുൾപൊട്ടലിൽ തകർന്ന മേൽമുറി പുതിയപറമ്പിൽ നൗഫലിന്റെ വീട്. ഇൻസെറ്റിൽ നൗഫൽ

കൽപറ്റ ∙ ഓരോ കല്ലുകളായി കെട്ടിപ്പൊക്കി നൗഫൽ സ്വന്തമായി ഉണ്ടാക്കിയ വീട്, ആ ചെറുപ്പക്കാരന്റെ വർഷങ്ങളുടെ അധ്വാനം, കുറിച്യർമലയിൽനിന്നെത്തിയ ഉരുൾവെള്ളത്തിൽ നിമിഷങ്ങൾക്കുള്ളിൽ തകർന്നടിഞ്ഞു. അതും ഗൃഹപ്രവേശം നിശ്ചയിച്ചിരുന്ന അതേ ദിവസം! 

കഴിഞ്ഞ ബുധനാഴ്ചയാണ് പൊഴുതന കുറിച്യർമലയെ ഉച്ചിയോടെ അടർത്തിയിളക്കി വലിയ ഉരുൾപൊട്ടലുണ്ടായത്. വർഷങ്ങളായി കഴിഞ്ഞിരുന്ന ഷെഡിൽനിന്ന് പുതിയ വീട്ടിലേക്ക് കുറിച്യർമല മേൽമുറി പുതിയപറമ്പിൽ നൗഫലും ഭാര്യ റുബീനയും മാതാവ് ബീക്കുട്ടിയും രണ്ടു മക്കളും കയറിത്താമസിക്കാനിരുന്നതും അന്നായിരുന്നു.

ഷെ‍ഡിലെ സാധനങ്ങളെല്ലാം പുതിയ വീട്ടിലേക്കു മാറ്റി കുറച്ചുസമയം കഴിഞ്ഞപ്പോൾത്തന്നെ തൊട്ടടുത്ത സേട്ടുകുന്നിൽ ഉരുൾപൊട്ടലുണ്ടായ വാർത്ത അറിഞ്ഞു. പെട്ടെന്നു മലമുകളിൽനിന്നു വലിയ ശബ്ദമുണ്ടായി. കുട്ടികളായ അൻസിയ ബാനുവിയെയും മുഹമ്മദ് അൻസിനെയും വാരിയെടുത്ത് റുബീനയും ബീക്കുട്ടിയും പുറത്തേക്കോടി. വിവരമറിഞ്ഞ് നൗഫൽ ടൗണിൽനിന്നെത്തിയപ്പോൾ വീടിരുന്നിടത്തു കണ്ടത് കോൺക്രീറ്റ് അവശിഷ്ടങ്ങൾ മാത്രം. ബീക്കുട്ടി പരിപാലിച്ചിരുന്ന നാല് ആടുകൾ കൂടുൾപ്പെടെ മണ്ണിനടിയിലായി. 

നിർമാണത്തൊഴിലാളിയായ നൗഫൽ 22ാം വയസ്സിലാണ് സ്വന്തമായി വീടുപണി തുടങ്ങിയത്. എന്നാൽ, എല്ലാ പണിയും തീർത്ത പുതിയ വീട്ടിൽ ഒരു ദിവസം പോലും അന്തിയുറങ്ങാൻ നൗഫലിനായില്ല. 

പുതിയ ബൈക്കും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. ഇപ്പോൾ മേൽമുറിയിലെ ദുരിതാശ്വാസ ക്യാംപിലാണു നൗഫലും കുടുംബവും താമസം. പെരുമഴഒഴിയുന്ന നാളിൽ അവർ പഴയ ഷെഡിലേക്കു തിരിച്ചെത്തും.