സർക്കാർ ചെലവിൽ മന്ത്രി കടകംപള്ളി ജപ്പാനിലേക്ക്

കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം ∙ പ്രളയത്തിൽ നിന്നു നാടിനെ കരകയറ്റാനായി മന്ത്രിമാർ പണപ്പിരിവിനായി വിദേശത്തു പോകുംമുൻപു തന്നെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറ്റൊരു വിദേശയാത്രയ്ക്ക്. ഇൗ മാസം 20 മുതൽ 23 വരെ ജപ്പാനിൽ നടക്കുന്ന ജപ്പാൻ അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്റ്സ് (ജാട്ട) ടൂറിസം എക്സ്പോയിൽ പങ്കെടുക്കുന്നതിനായാണ് യാത്ര.

ഇതിനായി ടോക്കിയോയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റും മറ്റെല്ലാ ചെലവുകളും സർക്കാർ വഹിക്കുമെന്നു വ്യക്തമാക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഉദ്യോഗസ്ഥ സംഘവും മന്ത്രിയെ അനുഗമിക്കുന്നുണ്ടെന്നാണു സൂചന. എന്നാൽ ഉദ്യോഗസ്ഥർ ആരൊക്കെയെന്നു വ്യക്തമാക്കാൻ പൊതുഭരണ വകുപ്പ് ഉദ്യോഗസ്ഥർ തയാറായില്ല.

നവകേരള നിർമിതിക്കായി 30,000 കോടി രൂപയോളം കണ്ടെത്താൻ സർക്കാരും ജനങ്ങളും മുണ്ടുമുറുക്കിയുടുക്കാനും പരമാവധി ധനം സമാഹരിക്കാനും ശ്രമിക്കുമ്പോഴാണ് ഇത്തരം നടപടികൾ. ഒരു വർഷത്തേയ്ക്ക് ഒരു തരത്തിലുള്ള ആഘോഷവും വേണ്ടെന്നു തീരുമാനിച്ച അതേ വകുപ്പിൽ നിന്നു തന്നെ ഇത്തരം തീരുമാനങ്ങളുണ്ടാകുന്നതും വിചിത്രം.