വൈദ്യുതി കമ്മിയും ലോഡ് ഷെഡിങ്ങും തുടരുന്നു

തിരുവനന്തപുരം∙ കേന്ദ്ര, സംസ്ഥാന നിലയങ്ങളുടെ തകരാറിനെ തുടർന്ന് 750 മെഗാവാട്ടോളം വൈദ്യുതി കമ്മി ഉള്ള സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ലോഡ് ഷെഡിങ് തുടരുന്നു.

മറ്റു കേന്ദ്രങ്ങളിൽനിന്നു പരമാവധി വൈദ്യുതി വാങ്ങിയിട്ടും 150–200 മെഗാവാട്ടിന്റെ കുറവു വന്നതിനാൽ ഗ്രാമപ്രദേശങ്ങളിൽ ഇന്നലെ ലോഡ് ഷെഡിങ് ഏർപ്പെടുത്തി. ഇന്നു ഞായർ ആയതിനാൽ വൈദ്യുതി ഉപയോഗം കുറയുമെന്നു പ്രതീക്ഷിക്കുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ലോവർ പെരിയാർ വൈദ്യുത നിലയം പൂർണ തോതിൽ പ്രവർത്തിച്ചുതുടങ്ങിയാൽ 180 മെഗാവാട്ട് വൈദ്യുതി കൂടുതലായി ലഭിക്കും. കേന്ദ്ര നിലയങ്ങളായ താൽച്ചറിൽനിന്ന് 200 മെഗാവാട്ടിന്റെയും കൂടംകുളത്തുനിന്ന് 266 മെഗാവാട്ടിന്റെയും കുറവാണ് ഉണ്ടായിരിക്കുന്നത്.

പ്രളയത്തെ തുടർന്നു സംസ്ഥാനത്തെ നിലയങ്ങളിൽ വൈദ്യുതോൽപാദനത്തിൽ 271 മെഗാവാട്ടിന്റെ കുറവുണ്ടായി. താൽച്ചർ നിലയത്തിലെ അറ്റകുറ്റപ്പണി പൂ‍ർത്തിയായാൽ വൈദ്യുതി ലഭിച്ചുതുടങ്ങും. കൂടംകുളത്തിന്റെ കാര്യത്തിൽ എന്നു നന്നാക്കുമെന്ന് ഉറപ്പില്ല. കൽക്കരി ക്ഷാമം മൂലം ചില സ്വകാര്യ നിലയങ്ങളിൽനിന്നുള്ള വൈദ്യുതിയിൽ 100–150 മെഗാവാട്ടിന്റെ കുറവുണ്ട്.

വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കും: മന്ത്രി മണി

തൊടുപുഴ∙ സംസ്ഥാനത്തു വൈദ്യുതിനിയന്ത്രണം വേണ്ടിവന്നേക്കുമെന്നു മന്ത്രി എം.എം.മണി. പ്രളയത്തെ തുടർന്നു സംസ്ഥാനത്ത് ആറു പവർഹൗസുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. വൈദ്യുതി ഉൽപാദനത്തിൽ 350 മെഗാവാട്ടിന്റെ കുറവുണ്ടായി.

കേന്ദ്ര പൂളിൽനിന്നു ലഭിക്കുന്ന വൈദ്യുതിയിലും കുറവു വന്നു. സംസ്ഥാനത്ത് ആകെ 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുള്ളത്. ഉയർന്ന വിലയ്ക്കു പുറത്തു നിന്നു കൂടുതൽ വൈദ്യുതി വാങ്ങി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.