വൈദ്യുതി കമ്മി നേരിടാൻ 200 മെഗാവാട്ട് കൂടി വേണം

തിരുവനന്തപുരം∙ വൈദ്യുതി ക്ഷാമം അനുഭവപ്പെടുന്ന വൈകുന്നേരത്തെ പീക്ക് ലോഡ് സമയത്ത് 200 മെഗാവാട്ട് കൂടി പുറത്തുനിന്നു വാങ്ങി കമ്മി നികത്താൻ വൈദ്യുതി ബോർഡ് ടെൻഡർ വിളിക്കും. മഴക്കാലത്തു വൈദ്യുതി കടം നൽകി വേനൽക്കാലത്തു തിരികെ വാങ്ങുന്ന പദ്ധതി സ്വീകരിക്കാൻ തയാറായി രണ്ടു കമ്പനികൾ മുന്നോട്ടുവന്നിട്ടുണ്ട്. ഇവർക്ക് 60 മെഗാവാട്ടും 50 മെഗാവാട്ടും നൽകി മേയിൽ തിരികെ വാങ്ങുന്നതു വൈദ്യുതി ബോർഡ് യോഗം തീരുമാനിക്കും.

കേന്ദ്ര നിലയങ്ങളിലെ തകരാർ പരിഹരിച്ചപ്പോൾ ബോർഡിനു വൈദ്യുതി നൽകാമെന്നേറ്റ സ്വകാര്യ നിലയങ്ങളിൽ കൽക്കരി ക്ഷാമം രൂക്ഷമായതു വൈദ്യുതി കമ്മിക്ക് ഇടയാക്കിയിട്ടുണ്ട്. മറ്റു നിലയങ്ങളിൽ നിന്നു പകരം വൈദ്യുതി കണ്ടെത്തിയതിനാൽ ഇന്നലെ കാര്യമായ പ്രശ്നമുണ്ടായില്ല. ഇന്നും നിയന്ത്രണം വേണ്ടിവരില്ല. പക്ഷേ കൂടംകുളത്തെ ഒരു യൂണിറ്റിൽ നിന്നുള്ള 163 മെഗാവാട്ടും വൈദ്യുതി ബോർഡുമായി ദീർഘകാല കരാർ ഒപ്പുവച്ച നാലു നിലയങ്ങളിൽ നിന്നുള്ള 250 മെഗാവാട്ടും ചേർത്തു 413 മെഗവാട്ടിന്റെ കുറവാണ് ഇപ്പോഴുള്ളത്.

എൻടിപിസിയുടെ കുഡ്ഗി നിലയത്തിൽ നിന്ന് 300 മെഗാവാട്ടും മറ്റു കേന്ദ്രങ്ങളിൽ നിന്നായി 113 മെഗാവാട്ടും ലഭിച്ചതു മൂലമാണ് കാര്യമായ നിയന്ത്രണമില്ലാതെ മുന്നോട്ടുപോകാൻ സാധിച്ചത്. കൽക്കരി ക്ഷാമം തുടർന്നാൽ വേനലാകുന്നതോടെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും. വൈദ്യുതി വാങ്ങാൻ ദീർഘകാല കരാർ ഒപ്പുവച്ചാലും ഒരുവർഷം കരാറനുസരിച്ച് 85% വൈദ്യുതി നൽകിയാൽ പൂർണമായി നൽകിയതായി കണക്കാക്കണം. ഇനി കരാർ ലംഘനം ആരോപിച്ചു പിഴ ഈടാക്കിയാലും യൂണിറ്റിന് 1–1.20 രൂപയേ ലഭിക്കൂ. പകരം പൊതുവിപണിയിൽ നിന്നു വൈദ്യുതി വാങ്ങണമെങ്കിൽ 5–6 രൂപ നൽകേണ്ടിവരും. ഈ സാഹചര്യത്തിലാണ് ഇടുക്കിയിൽ മറ്റൊരു വൈദ്യുതനിലയം കൂടി സ്ഥാപിക്കുന്നതിനു ബോർഡ് സാധ്യതാ പഠനം നടത്തുന്നത്. ഈ പദ്ധതി നടപ്പായാൽ 500– 780 മെഗാവാട്ട് അധികം ഉൽപാദിപ്പിക്കാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു.