അഭിലാഷിന്റെ പരുക്ക്: ആശങ്ക വേണ്ടെന്ന് എക്സ്റേ സൂചന

കമാൻഡർ അഭിലാഷ് ടോമിയെ നടുക്കടലിൽനിന്നു ദൗത്യസംഘം രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യം.

കാൻബറ/ കൊച്ചി∙ നടുക്കടലിൽ നിന്ന് സാഹസികമായി രക്ഷപ്പെടുത്തി ന്യൂ ആംസ്റ്റർഡാം ദ്വീപിലെത്തിച്ച കമാൻഡർ അഭിലാഷ് ടോമിയുടെ പരുക്ക് അതീവ ഗുരുതരമല്ലെന്ന് എക്സ്റേ ഫലം. അഭിലാഷ് ഭക്ഷണം കഴിച്ചതായും സംസാരിച്ചതായും പ്രതിരോധ വകുപ്പു വക്താവ് അറിയിച്ചു. പരിശോധനാഫലം വിദഗ്ധ സംഘം പരിശോധിച്ച ശേഷമാകും തുടർചികിൽസ തീരുമാനിക്കുകയെന്നു രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ഓസ്ട്രേലിയൻ മാരിടൈം സേഫ്റ്റി അതോറിറ്റി അറിയിച്ചു.

പായ്‌വഞ്ചി മൽസരത്തിനിടെ അപകടത്തിൽപ്പെട്ട് നടുവിനു പരുക്കേറ്റ അഭിലാഷിനെയും ഐറിഷ് നാവികൻ ഗ്രിഗർ മക്ഗുകിനെയും ഇന്ത്യൻ സമയം ഇന്നലെ രാവിലെ 9.30നാണ് ആംസ്റ്റർഡാം ദ്വീപിലെത്തിച്ചത്. ഫ്രഞ്ച് അധീന പ്രദേശമായ ഇവിടത്തെ പരിമിത സൗകര്യങ്ങൾ മാത്രമുള്ള ആശുപത്രിയിലാണ് ഇരുവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. ഓസ്ട്രേലിയൻ നാവികസേനാ കപ്പൽ എച്ച്എഎംഎസ് ബലാററ്റ് വെള്ളിയാഴ്ചയോടെ ഇവിടെയെത്തും. ഇന്ത്യൻ നാവികസേനാ കപ്പലായ ഐഎൻഎസ് സത്പുരയും വരുംദിവസങ്ങളിലെത്തും. അഭിലാഷിനെയും ഗ്രിഗറിനെയും രക്ഷിച്ച ഫ്രഞ്ച് മൽസ്യബന്ധനക്കപ്പൽ ഒസിരിസ് അതിനു ശേഷമേ മടങ്ങൂ.

അഭിലാഷിനെ സത്പുരയിൽ മൊറീഷ്യസിലെത്തിച്ചു തുടർചികിൽസ നൽകാനാണു തീരുമാനമെന്നു പ്രതിരോധമന്ത്രി നിർമല സീതാരാമൻ തിങ്കളാഴ്ച അറിയിച്ചിരുന്നു. ആദ്യമെത്തുന്ന കപ്പൽ ബലാററ്റ് ആയതിനാൽ ഇവരെ ഓസ്ട്രേലിയൻ തുറമുഖമായ ഫ്രീമാന്റലിലേക്കു കൊണ്ടുപോകാനുള്ള സാധ്യതകളും പരിഗണിക്കുന്നു.