കനത്ത മഴ, പ്രളയം: ഹിമാചലിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതർ

ഹിമാചലിലെ ചമ്പ ജില്ലയിൽ നദി കരകവിഞ്ഞൊഴുകുന്നു. ചിത്രം – എഎൻഐ

ന്യൂഡൽഹി/ തിരുവനന്തപുരം ∙ കനത്ത മഴയിലും പ്രളയത്തിലും വിറങ്ങലിച്ചു നിൽക്കുന്ന ഉത്തരേന്ത്യയിൽ 25 സഞ്ചാരികൾ മരിച്ചു. എന്നാൽ, ഹിമാചൽപ്രദേശിലെ മണാലിയിൽ പ്രളയത്തിൽ കുടുങ്ങിയ എല്ലാ മലയാളികളും സുരക്ഷിതരാണെന്നു തിരുവനന്തപുരത്തു സംസ്ഥാന ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു.

മൂന്നിടങ്ങളിൽ കുടുങ്ങിയ 54 മലയാളികളിൽ 24 പേർ നേരത്തേ ഡൽഹിയിൽ എത്തിയിരുന്നു. 30 പേരുടെ സംഘം കുളുവിൽനിന്നു 15 കിലോമീറ്റർ അകലെ റെയ്സൺ ബ്രിജിനടുത്ത് ഒറ്റപ്പെട്ടിരിക്കുകയാണ്. ഇവരിൽ 4 പേർക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതായും അറിയിച്ചിരുന്നു. ഹിമാചൽ അധികൃതരുടെ സഹായത്തോടെ ഇവർ ഇന്നലെ രാത്രി ഡൽഹിക്കു തിരിച്ചതായി അധികൃതർ പറഞ്ഞു.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണു ശനിയാഴ്ച മുതൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പെയ്തിറങ്ങിയത്. 3 ദിവസമായി തുടരുന്ന മഴ ശമിച്ചെന്നും ഇന്നു മുതൽ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഹിമാചൽപ്രദേശിൽ 8, ജമ്മുവിൽ 7, പഞ്ചാബിൽ 6, ഹരിയാനയിൽ 4 എന്നിങ്ങനെയാണു മരിച്ചവരുടെ എണ്ണം. കുളു താഴ്‍‍‍‍‍‍‍‍‍‍‍‍‍‍‍വാരത്തിൽ ഇന്നലെ രാവിലെ അവിചാരിതമായുണ്ടായ പ്രളയത്തിൽ ഒരു കുടുംബത്തിലെ 3 പേരാണു മരിച്ചത്. സ്പിത്തിയിൽ ട്രെക്കിങ്ങിനു പോയ ഐഐടി റൂർക്കിയിലെ 45 വിദ്യാർഥികളെ രക്ഷപ്പെടുത്തി. ഝലം നദി കവിഞ്ഞൊഴുകിയതിനെ തുടർന്നു ഹിമാചലിലെ താഴ്‌വര മേഖലകളെല്ലാം വെള്ളത്തിനടിയിലായി. പഞ്ചാബ്, ഹിമാചൽ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

റോഹ്തങ്, സ്പിത്തി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയാണ്. കെയ്‌ലോങ് ഭാഗത്തു കഴിഞ്ഞ ദിവസം 55 സെന്റിമീറ്റർ മഞ്ഞുവീണു. കെയ്‌ലോങ്ങിൽ ഇന്നലെ കുറഞ്ഞ താപനില 2 ഡിഗ്രിയായിരുന്നു. ബിയാസ് നദിയിലെ പോങ് അണക്കെട്ടിൽനിന്നു വെള്ളം തുറന്നുവിടുന്നതു തൽക്കാലം നിർത്തിവച്ചു.