Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴയും മണ്ണിടിച്ചിലും താണ്ടി മലയാളികൾ സുരക്ഷയിലേക്ക്

flood-manali വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു നദിയിലേക്ക് ഒഴുകിപ്പോയ ബസ്. ഹിമാചൽ പ്രദേശിലെ മണാലിയിൽ സംഭവിച്ച അപകടത്തിന്റെ വിഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായി. സംഭവസമയത്തു ബസിൽ ആളുണ്ടായിരുന്നില്ല.

ഹിമാചൽപ്രദേശിലെ പ്രളയത്തെ തുടർന്നു പഴയ മണാലിയിൽ കുടുങ്ങിയ പാലക്കാട് കൊല്ലങ്കോട് മർച്ചന്റ്സ് അസോസിയേഷനിലെ 30 പേർ ഇന്നലെ കാലാവസ്ഥ അനുകൂലമായപ്പോൾ തിരികെ യാത്രയ്ക്കു സമീപത്തെ പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പ്രതികരണം മോശമായിരുന്നെന്നു പരാതി. ഇന്നലെ ഉച്ചയ്ക്ക് നാലു വാഹനങ്ങളിലായി കുളുവിലേക്കു പുറപ്പെട്ട സംഘം റെയ്സൻ ബ്രിജ് ടൗണിൽ അഞ്ചു മണിക്കൂറോളം ഗതാഗതക്കുരുക്കിൽ പെട്ടു. തൃശൂരിലെ അഞ്ഞൂരിൽനിന്നുള്ള 23 അംഗ സംഘം മണാലിയിൽനിന്ന് ഇന്നലെ വൈകിട്ടു ഡൽഹിയിലേക്കു തിരിച്ചു. ഡൽഹി റൂട്ടിൽ ഒരു പാലം മാത്രമെ അവശേഷിക്കുന്നുള്ളു എന്നതിനാൽ നീണ്ട വാഹനനിരയുണ്ടെന്നു സംഘാംഗമായ മെജൊ ജോൺസൺ പറഞ്ഞു.

കോഴിക്കോട്ടുനിന്നുള്ള ബൈക്ക് യാത്രികരുടെ എട്ടംഗ സംഘത്തിന്റെ യാത്ര മണാലിയിൽവച്ചു മുടങ്ങി. കക്കോടി, ബാലുശ്ശേരി സ്വദേശികളാണിവർ. കോഴിക്കോട്ടെ വിവേകാനന്ദ ട്രാവൽസിന്റെ ഗൈഡ് ഷാജിയും ഡൽഹി സ്വദേശികളായ രണ്ടു പാചകക്കാരും സഞ്ചരിച്ചിരുന്ന കാർ കശ്മീരിലെ ഉദംപൂരിനു സമീപം മണ്ണിടിച്ചിലിൽപെട്ടു. ഇവർ പരുക്കേൽക്കാതെ ഡൽഹിയിലെത്തിയിട്ടുണ്ട്. കൊല്ലം സ്വദേശി എം. സിദ്ദീഖും ഭാര്യയും രണ്ടു മക്കളും മണാലിയിൽനിന്നു സോളാങ്‌വാലിയിലേക്കുള്ള യാത്രയ്ക്കിടെ മണ്ണിടിച്ചിലിൽ കുടുങ്ങി. ഹോട്ടലിൽ രണ്ടു ദിവസം തങ്ങിയശേഷം ഇന്നലെ ഇവർ ടാക്സിയിൽ ഡൽഹിയിലെത്തി.