സുപ്രീം കോടതി വിധികൾ അരാജകത്വം സൃഷ്ടിക്കും: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം ∙ സുപ്രീം കോടതി സമീപകാലത്ത് പുറപ്പെടുവിച്ച വിധികൾ സമൂഹത്തിൽ അരാജകത്വത്തിനു വഴിയൊരുക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ . ഈ വിഷയങ്ങളിൽ കോടതി വേണ്ടത്ര അവധാനത കാണിച്ചില്ലെന്ന വിമർശനമുണ്ട്. കുടുംബങ്ങളുടെ പരിപാവനത, സ്‌ത്രീ–പുരുഷ ബന്ധത്തിന്റെ പരിശുദ്ധി, ആചാര–അനുഷ്‌ഠാനങ്ങളിലുള്ള വിശ്വാസം എന്നിവയെല്ലാം തകർക്കുന്ന വിധികളാണുണ്ടായത്.

ശബരിമലയിലെ സ്‌ത്രീ പ്രവേശന വിഷയത്തിൽ വിശ്വാസികളുടെ താൽപര്യങ്ങൾ പരിഗണിച്ചില്ല. അയ്യപ്പഭക്തരായ സ്‌ത്രീകളുടെ നിലപാട് എന്താണെന്നു കോടതി ആരാഞ്ഞില്ല. സ്‌ത്രീപ്രവേശനത്തിന് അനുകൂലമായി സത്യവാങ്‌മൂലം നൽകിയപ്പോൾ സർക്കാർ വേണ്ടത്ര മുന്നൊരുക്കം നടത്തിയില്ലെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി. ആരോഗ്യമേഖലകളിൽ സുത്യർഹമായ സേവനം ചെയ്യുന്ന മിഷനറി സമൂഹത്തെ തമസ്കരിക്കാനുള്ള ശ്രമം ഗുണകരമല്ല. പി.കെ ശശി എംഎൽഎയ്‌ക്കെതിരെ പീഡനം സംബന്ധിച്ച പരാതി ഇല്ലെങ്കിൽ പിന്നെ എന്തിനാണ് പാർട്ടി അന്വേഷണകമ്മീഷനെ നിയോഗിച്ചതെന്നും തിരുവഞ്ചൂർ ചോദിച്ചു.