കൊച്ചുവേളി – ബെംഗളൂരു പുതിയ ട്രെയിൻ 20 മുതൽ

കൊച്ചി∙ കേരളത്തിൽ നിന്നു ബെംഗളൂരുവിലേക്കുളള പുതിയ ട്രെയിൻ കൊച്ചുവേളി – ബാനസവാടി ഹംസഫർ എക്സപ്രസ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം 20ന് തിരുവനന്തപുരത്തു ഉദ്ഘാടനം ചെയ്യും. വ്യാഴം, ശനി ദിവസങ്ങളിൽ വൈകിട്ടു 6.50ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 10.45ന് ബാനസവാടിയിൽ എത്തും.

വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി ഏഴിനു ബാനസവാടിയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 9.05ന് കൊച്ചുവേളിയിലെത്തും. 22 തേഡ് എസി കോച്ചുകളുളള ഹംസഫർ ട്രെയിനിൽ സിസിടിവി ക്യാമറ, ജിപിഎസ് സ്റ്റേഷൻ ഡിസ്പ്ലേ സംവിധാനം, എൽഇഡി ലൈറ്റുകൾ, സ്മോക്ക് അലാം, കോഫി വെൻഡിങ് മെഷീൻ, മിനി പാൻട്രി എന്നിവയുണ്ട്.

തിരുവനന്തപുരം– ബെംഗളൂരു സെക്ടറിൽ കൂടുതൽ ട്രെയിൻ വേണമെന്നു റെയിൽവേ മന്ത്രാലയത്തെയും മന്ത്രിമാരെയും ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നും ഹംസഫർ എക്സ്പ്രസിന്റെ പ്രതിദിന സർവീസിനായി ശ്രമിക്കുമെന്നും അൽഫോൻസ് കണ്ണന്താനം മനോരമയോടു പറഞ്ഞു. 2014ൽ പ്രഖ്യാപിച്ച തിരുവനന്തപുരം – ബെംഗളൂരു ട്രെയിനാണു ഹംസഫറായി സർവീസ് ആരംഭിക്കുന്നത്.

പ്രതിദിനം 600 ബസുകളാണു കേരളത്തിൽ നിന്നു ബെംഗളൂരുവിലേക്കു സർവീസ് നടത്തുന്നത്. തെക്കൻ കേരളത്തിൽ നിന്നും വടക്കൻ കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്കു കൂടുതൽ ട്രെയിനുകൾ വേണമെന്ന മുൻപു കേന്ദ്രമന്ത്രി രാജൻഗോഹെയ്ൻ കേരളത്തിലെത്തിയപ്പോൾ ആവശ്യപ്പെട്ടിരുന്നുവെന്നും കണ്ണന്താനം പറഞ്ഞു. ട്രെയിൻ ഓടിക്കാനുളള തീരുമാനം സ്വാഗതം ചെയ്യുന്നതായി കേരള ബെംഗളൂരു ട്രെയിൻ യൂസേഴ്സ് ഫോറം പ്രസിഡന്റ് പി.ജി.വെങ്കിടേഷ്, ലാൽ പ്രസാദ് എന്നിവർ പറഞ്ഞു.

ഐടി മേഖലയിൽ ജോലി ചെയ്യുന്ന മലയാളികൾക്കു വളരെ സൗകര്യപ്രദമാണു പുതിയ ട്രെയിൻ, ബയ്യപ്പനഹളളി സ്റ്റേഷൻ വികസനം തീരുന്നതോടെ ട്രെയിൻ പ്രതിദിന സർവീസാക്കണം. എന്നാൽ മാത്രമേ ഞായറാഴ്ച കേരളത്തിൽ നിന്ന് ആവശ്യത്തിനു ട്രെയിൻ ഉണ്ടാകൂ. 21ന് പുതിയ സർവീസിനു ബെംഗളൂരുവിൽ സ്വീകരണം നൽകും.