മാവോയിസ്റ്റ് നേതാവ് ഡാനിഷ് പിടിയിൽ

അഗളിയിൽ പൊലീസ് പിടികൂടിയ മാവോയിസ്റ്റ് നേതാവ് ഡാനിഷ്

അഗളി(പാലക്കാട്)∙ തമിഴ്നാട് നക്സൽ വിരുദ്ധ സേനയുടെ പിടികിട്ടാപ്പുള്ളി പട്ടികയിൽപെട്ട മാവോയിസ്റ്റ് നേതാവ് ഡാനിഷ്(30) അട്ടപ്പാടിയിൽ പിടിയിലായി. വനത്തിൽനിന്ന് അട്ടപ്പാടി ഭൂതയാർ ഊരിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നു പൊലീസ് അറിയിച്ചെങ്കിലും കീഴടങ്ങിയതാണെന്ന അഭ്യൂഹമുണ്ട്. സിപിഐ മാവോയിസ്റ്റ് പാർട്ടിയുടെ കബനി, ഭവാനി ദളങ്ങളിൽ സജീവ പ്രവർത്തകനാണ് ഡാനിഷെന്നു പൊലീസ് പറഞ്ഞു.

ഗറില വിഭാഗമായ പിഎൽജിഎയിൽ കേഡറാണ്. കോയമ്പത്തൂർ രാമനാഥപുരം പുലിയകുളത്ത് സ്വദേശിയാണ്. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നേതൃത്വത്തിൽ പാലക്കാട് കല്ലേക്കാട് എആർ ക്യാംപിൽ നക്സൽ വിരുദ്ധ സേനയും വിവിധ അന്വേഷണ ഏജൻസികളിൽനിന്നുള്ളവരും ഇയാളെ ചോദ്യം ചെയ്യുന്നുണ്ട്. ഇന്നു കോടതിയിൽ ഹാജരാക്കിയേക്കും. കോഴിക്കോട്, താമരശ്ശേരി പൊലീസ് സ്റ്റേഷനുകളിൽ ഡാനിഷിനെതിരെ കേസുണ്ട്.

ഡാനിഷ്: കലാപ്രതിഭ

അഗളി∙ നാടക പ്രവർത്തകൻ, പാട്ടുകാരൻ, സംസാര പ്രിയൻ, സൗമ്യൻ- ഡാനിഷിനെക്കുറിച്ചു തമിഴ്നാട് പൊലീസ് പറയുന്നതിങ്ങനെ. കാഞ്ചീപുരത്തുനിന്നു നല്ല മാർക്കോടെ പ്ലസ്ടു പാസായ ഡാനിഷ് കോയമ്പത്തൂരിൽനിന്നു കംപ്യൂട്ടർ സയൻസിൽ ബിരുദമെടുത്തു. വിദ്യാർഥിയായിരിക്കെ സാമൂഹിക, സാംസ്കാരിക രംഗത്തു സജീവമായി. ക്ലബുകളിലും സാംസ്കാരിക സംഘടനകളിലുമായി നാടകം, പാട്ട് ഉൾപ്പെടെ കലാരംഗത്തു ശ്രദ്ധനേടി. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണു മാവോയിസ്റ്റായത്. ഇതോടെ നാടും വീടും വിട്ട് പിഎൽജിയിലെത്തി.