ജോർജ് ഹാജരായില്ല; അതൃപ്തി അറിയിച്ച് വനിതാ കമ്മിഷൻ

ന്യൂഡൽഹി ∙ ബിഷപ് ഫ്രാങ്കോയ്ക്കെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അവഹേളിച്ചെന്ന പരാതിയിൽ പി.സി.ജോർജ് എംഎൽഎ നേരിട്ടു ഹാജരാകാത്തതിൽ കടുത്ത അതൃപ്തിയുമായി ദേശീയ വനിതാ കമ്മിഷൻ.

 പി.സി. ജോർജ് ആവശ്യപ്പെട്ട പ്രകാരമാണു തീയതി പുതുക്കി നൽകിയതെന്നും ജോർജ് ഒഴിഞ്ഞുമാറുന്നതിനെ ഗൗരവമായി കാണുന്നതായും കമ്മിഷൻ അധ്യക്ഷ രേഖ ശർമ പറ‍ഞ്ഞു.

അഭിഭാഷകനായ അഡോൾഫ് മാത്യുവാണു പി.സി. ജോർജിനു വേണ്ടി ഇന്നലെ കമ്മിഷനു മുൻപാകെ ഹാജരായത്.പി.സി. ജോർജ് നേരിട്ട് ഹാജരാകണമെന്നും വക്കാലത്തു സ്വീകരിക്കാനാകില്ലെന്നുമായിരുന്നു ആദ്യം രേഖ ശർമയുടെ നിലപാട്. 

പിന്നീടു വിട്ടുവീഴ്ചയ്ക്കു തയാറായ കമ്മിഷൻ ജോർജിനു മറുപടി നൽകാൻ അവസരം നൽകുന്നതായി അറിയിച്ചു. 

എന്നാൽ, അദ്ദേഹം നേരിട്ടു ഹാജരാകണമെന്ന നിലപാടിൽ മാറ്റമില്ലെന്നും വ്യക്തമാക്കി. നവംബർ 13ന് ജോർജ് തന്നെ നേരിട്ടെത്തി വിശദീകരണം നൽകണം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുത്ത വനിത കമ്മിഷൻ ഇതിന്റെ രേഖകളും ജോർജിന്റെ അഭിഭാഷകനു കൈമാറി. 

ഇതേസമയം, കേസിൽ വക്കീലിനെ വയ്ക്കാതെ കക്ഷി തന്നെ ഹാജരാകണമെന്ന ധാരണയായിരുന്നു വനിതാ കമ്മീഷനുണ്ടായിരുന്നതെന്നു പി.സി. ജോർജ് പറഞ്ഞു. 

എന്നാൽ  കേസിൽ വക്കീലിനെ വയ്ക്കാൻ നിയമപരമായി കക്ഷിക്ക് അവകാശമുണ്ടെന്നു കമ്മീഷനെ ബോധ്യപ്പെടുത്തിയെന്നും നവംബർ 13ന് നേരിട്ടു ഹാജരാകുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ജോർജ് പറഞ്ഞു.