കനത്ത മഴയുടെ ഭീഷണി ഒഴിഞ്ഞു

തിരുവനന്തപുരം∙ അറബിക്കടലിൽ ലുബാൻ, ബംഗാൾ ഉൾക്കടലിൽ തിത്‌ലി. ഇടയിൽ കേരളം താരതമ്യേന സുരക്ഷിതം. ഇന്നു ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യത. അറബിക്കടലിൽ 60 കിലോ മീറ്റർ വേഗത്തിലുള്ള കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ മൽസ്യബന്ധനത്തിനു പോകരുതെന്നു മുന്നറിയിപ്പ്.

കേരളത്തിൽ കനത്ത മഴയുടെ മുന്നറിയിപ്പുകളെല്ലാം പിൻവലിച്ചു. കേരളത്തെ കഴിഞ്ഞ ദിവസങ്ങളിൽ പേടിപ്പിച്ച ലുബാൻ ചുഴലിക്കാറ്റ് ഒമാൻ– യെമൻ തീരത്തേക്കു നീങ്ങുകയാണ്. മണിക്കൂറിൽ 90 മുതൽ 100 കി. മീ. വരെയാണു കാറ്റിന്റെ വേഗം. നാളെ ഇതു 120 കി. മീ. ആയി ഉയരാനിടയുണ്ട്. അറബിക്കടൽ പ്രക്ഷുബ്ധമാണ്. ഒഡീഷ– ആന്ധ്രപ്രദേശ് തീരം ലക്ഷ്യമാക്കിയാണു തിത്‌ലി നീങ്ങുന്നത്. ഇന്നു കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കി. മീ. വരെയാകാൻ സാധ്യതയുണ്ട്. നാളെ രാവിലെ ഗോപാൽപൂർ, കലിംഗപട്ടണം എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് നാശംവിതയ്ക്കാനാണു സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.