പ്രവചനം കേട്ട് ഡാം തുറന്നത് മണ്ടത്തരം: ഡാം സുരക്ഷാ അതോറിറ്റി ചെയർമാൻ

ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായര്‍ (ഫയൽ ചിത്രം)

തൊടുപുഴ ∙ കാലാവസ്ഥ പ്രവചനം അനുസരിച്ച് കേരളത്തിലെ അണക്കെട്ടുകൾ തുറക്കുന്നത് ശുദ്ധ മണ്ടത്തരമാണെന്നു ഡാം സുരക്ഷാ അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സി.എൻ‌. രാമചന്ദ്രൻ നായർ.
‘മുല്ലപ്പെരിയാറും ഇടുക്കി ഡാം സുരക്ഷയും’ എന്ന വിഷയത്തിൽ ഇടുക്കി പ്രസ് ക്ലബും തൊടുപുഴ റസിഡന്റ്‌സ് അപ്പക്‌സ് കൗൺസിലും(ട്രാക്) സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്നതിന്റെ പേരിൽ കഴിഞ്ഞ ദിവസം ഇടുക്കി ഡാം തുറന്നതു വലിയ മണ്ടത്തരമായി. പ്രവചനമൊന്നും അതു പോലെ ഫലിക്കണമെന്നില്ല.
മഴ പെയ്യുമെന്ന് പറഞ്ഞ് ഡാമുകളിലെ വെള്ളമെല്ലാം ഒഴുക്കി വിട്ട് ഇവിടെ വരൾച്ചയുണ്ടാക്കണമോയെന്നു ചിന്തിക്കണം. ജനങ്ങളെ പേടിച്ചാണ്‌ അണക്കെട്ടുകൾ ഇത്തവണ തുറന്നത്.
മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയിൽ സ്വകാര്യ അന്യായം നടത്തുന്ന അഭിഭാഷകൻ റസൽ ജോയി സംവാദത്തിൽ പങ്കെടുത്തു.

ട്രാക്ക് പ്രസിഡന്റ് ജയിംസ്.ടി മാളിയേക്കൽ അധ്യക്ഷനായിരുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് അഷറഫ് വട്ടപ്പാറ, സെക്രട്ടറി എം.എൻ. സുരേഷ്, ട്രാക്ക് സെക്രട്ടറി സണ്ണി തെക്കേക്കര എന്നിവർ പ്രസംഗിച്ചു.


ഇടുക്കി ജലനിരപ്പ് : 2387; 82% വെള്ളം

തൊടുപുഴ ∙ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2387.42 അടിയായി ഉയർന്നു. ബുധനാഴ്ച രാവിലെ 2387.20 അടിയായിരുന്നു ജലനിരപ്പ്.  സംഭരണയിൽ ഇപ്പോൾ 82 ശതമാനം വെള്ളമുണ്ട്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ വൃഷ്ടിപ്രദേശത്തു 1.8 മില്ലീമീറ്റർ മഴ ലഭിച്ചു.