ശബരിമല വിഷയത്തിൽ സിപിഎമ്മിന് എസ്ആർപി വഴികാട്ടും

തിരുവനന്തപുരം∙ ശബരിമല യുവതീ പ്രവേശന വിവാദത്തിൽ സിപിഎമ്മിന്റെ പ്രചാരണ–പ്രതിരോധ പ്രവർത്തനങ്ങൾ പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള ഏകോപിപ്പിക്കും. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇതു സംബന്ധിച്ച നിർദേശങ്ങൾ നൽകിയത് എസ്ആർപിയാണ്. ഒരാഴ്ചയായി അദ്ദേഹം ഇക്കാര്യത്തിൽ നയരൂപീകരണത്തിനും മറ്റുമായി എകെജി സെന്ററിലുണ്ട്.  

അങ്ങേയറ്റം ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ട വിഷയം എന്ന നിലയിലാണു രാമചന്ദ്രൻപിള്ളയുടെ സഹായം കൂടി സംസ്ഥാന നേതൃത്വം തേടിയത്. പാർട്ടിക്കകത്തും പുറത്തും വിപുലമായ പ്രചാരണമാണ് ഉദ്ദേശിക്കുന്നത്. ‘റെഡി ടു ഫെയ്സ്’ എന്നതാണു പാർട്ടി നില. 

പി.കെ.ശശി എംഎൽഎയ്ക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവു നൽകിയ പരാതി അന്വേഷിച്ച കമ്മിഷന്റെ റിപ്പോർട്ട് സെക്രട്ടേറിയറ്റിനു മുന്നിലെത്തിയില്ല. ഇന്നു സംസ്ഥാന കമ്മിറ്റി ഈ വിഷയത്തിൽ തീരുമാനമെടുക്കുമെന്നാണു നേരത്തേ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ സംസ്ഥാന കമ്മിറ്റിക്കു മുമ്പായി റിപ്പോർട്ട് നൽകാൻ ശ്രമിക്കണമെന്നാണ് അംഗങ്ങളായ പി.കെ.ശ്രീമതി, എ.കെ.ബാലൻ എന്നിവരോട് ആവശ്യപ്പെട്ടത്. അവർ സമയം നീട്ടിച്ചോദിക്കുകയായിരുന്നു. സെപ്റ്റംബർ ആദ്യം ചേർന്ന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം  അന്വേഷിക്കാൻ കമ്മിഷനെ വച്ചതിനെത്തുടർന്നു പൊതുപരിപാടികളിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയാണു ശശി. ഇടതുമുന്നണി വിപുലീകരണം സംബന്ധിച്ച സിപിഎം നിലപാടും ഇന്നു സംസ്ഥാന കമ്മിറ്റി തീരുമാനിക്കും.