‘ഷെറിൻ സ്റ്റാൻലിക്ക് കൈപ്പിഴ പറ്റി’; സംരക്ഷിക്കണമെന്നാവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത്

കൊച്ചി∙ പ്രൊഡക്​ഷൻ അസിസ്റ്റന്റ് ഷെറിൻ സ്റ്റാൻലിക്കെതിരായ നടി അർച്ചന പത്മിനിയുടെ ആരോപണം ശരിവച്ചു ഫെഫ്ക പ്രൊഡ‌ക്‌ഷൻ എക്സിക്യൂട്ടീവ് യൂണിയൻ വാട്സാപ് ഗ്രൂപ്പിലെ ശബ്ദ സന്ദേശങ്ങൾ പുറത്ത്. പ്രൊഡക്‌ഷൻ കൺട്രോളറായ ബാദുഷയുടെ കീഴിലാണു വർഷങ്ങളായി ഷെറിൻ സ്റ്റാൻലി പ്രവർത്തിക്കുന്നത്.

‘പുള്ളിക്കാരൻ സ്റ്റാറാ’ സിനിമയുടെ സെറ്റിൽ ഷെറിന് അങ്ങനെയൊരു അബദ്ധം പറ്റിയിരുന്നതായി ബാദുഷ ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കുന്നു. ഷെറിൻ ഇപ്പോഴും തനിക്കൊപ്പം പ്രവർത്തിക്കുന്നുണ്ടെന്നും ഇതിനകം ശിക്ഷ അനുഭവിച്ചു കഴിഞ്ഞ അയാളെ രക്ഷിക്കാനുള്ള മാർഗങ്ങൾ ആലോചിക്കണമെന്നും ബാദുഷ പറയുന്നു. കൈപ്പിഴ പറ്റിയ ആളെ സംരക്ഷിക്കാനാണു നോക്കേണ്ടതെന്നും നമ്മുടെ ആൾക്കാൾ ഒറ്റക്കെട്ടായി കൂടെ നിന്നില്ലെങ്കിൽ നാളെ പല പ്രശ്നങ്ങൾ ഉണ്ടാവുമെന്നുമാണ് അഭിഭാഷകനായ അംഗത്തിന്റെ വാദം.

ഷെറിനെതിരായ പരാതിയെക്കുറിച്ചും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചതു സംബന്ധിച്ചും ഫെഫ്ക നേതൃത്വം യൂണിയനെ അറിയിച്ചിട്ടില്ലെന്നു സെക്രട്ടറി സെവൻ ആർട്സ് മോഹൻ വ്യക്തമാക്കുന്നു.

ഡബ്ല്യുസിസിക്ക് പ്രത്യേക അജൻഡ: ബാബുരാജ്

ചെന്നൈ∙ പ്രത്യേക അജൻഡ വച്ചാണു ഡബ്ല്യുസിസി പ്രവർത്തിക്കുന്നതെന്ന് ‘അമ്മ’ നിർവാഹക സമിതി അംഗം ബാബുരാജ്. നടിയെ ‘അമ്മ’യിൽനിന്ന് അകറ്റാനാണു വനിതാ സംഘടനയുടെ ശ്രമം. അവരുടെ പ്രവർത്തനത്തിൽ ആത്മാർഥതയുണ്ടെന്നു കരുതുന്നില്ല.

നടിക്കുവേണ്ടി ശക്തമായി നിലകൊണ്ട തന്നെപ്പോലും മോശമായി ചിത്രീകരിക്കാനാണു ശ്രമം. ഇപ്പോഴുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക ജനറൽ ബോഡി വിളിക്കുന്ന കാര്യം ആലോചനയിലുണ്ട്. 24നു ചേരുന്ന നിർവാഹകസമിതി ഇതു തീരുമാനിക്കും.

ഫെഫ്ക തെറ്റിദ്ധരിപ്പിച്ചു: അർച്ചന പത്മിനി

കൊച്ചി∙ ഷൂട്ടിങ് സെറ്റിൽ തന്നോടു മോശമായി പെരുമാറിയ പ്രൊഡക്​ഷൻ അസിസ്റ്റന്റ് ഷെറിൻ സ്റ്റാൻലിക്കെതിരായ നടപടിയുടെ കാര്യത്തിൽ സാങ്കേതിക പ്രവർത്തകരുടെ സംഘനയായ ഫെഫ്ക തന്നെ തെറ്റിദ്ധരിപ്പിച്ചെന്നു നടി അർച്ചന പത്മിനി. ഷെറിനെതിരെ പരാതി കിട്ടിയപ്പോൾ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വിശദീകരിച്ചിരുന്നു. എന്നാൽ നടപടി പ്രഹസനമായിരുന്നെന്ന് അർച്ചന ചൂണ്ടിക്കാട്ടി.

‘കുറ്റം സമ്മതിച്ച പ്രതിയെ സസ്പെൻഡ് ചെയ്യുമെന്നും 6 മാസത്തിനു ശേഷം പുറത്താക്കുമെന്നുമാണു ഫെഫ്ക എന്നെ വിശ്വസിപ്പിച്ചിരുന്നത്. പക്ഷേ, അയാൾ വീണ്ടും സിനിമയിൽ സജീവമായി. പുറത്താക്കൽ സംഭവിച്ചതുമില്ല’- അർച്ചന ഫെയ്സ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.