‘അമ്മ’യിൽ ലൈംഗികാതിക്രമ പരാതികൾക്കു സമിതി വേണം ഡബ്ല്യുസിസി െഹെക്കോടതിയിൽ

കൊച്ചി∙ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യാൻ ആഭ്യന്തര സമിതിയെ നിയമിക്കണമെന്നാവശ്യപ്പെട്ടു സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഹൈക്കോടതിയിൽ ഹർജി നൽകി. നിഷ്പക്ഷരായ വ്യക്തികളെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി ഇന്നു പരിഗണിച്ചേക്കും. ഡബ്ല്യുസിസിയും പ്രസിഡന്റ് റിമ കല്ലിങ്കലുമാണു ഹർജിക്കാർ.

സിനിമാ മേഖലയുമായി ബന്ധപ്പെട്ടു ചൂഷണ, അതിക്രമ സംഭവങ്ങൾ പുറത്തുവരുന്ന പശ്ചാത്തലത്തിൽ പരാതി പരിഹാര സംവിധാനം അത്യാവശ്യമാണ്. സുപ്രീംകോടതിയുടെ ‘വിശാഖാ കേസ്’ വിധിയനുസരിച്ച് തൊഴിലുമായി ബന്ധപ്പെട്ടുള്ള ഇത്തരം പരാതികൾ പരിഹരിക്കാൻ സംവിധാനം വേണം. തൊഴിലിടത്തെ ലൈംഗികാതിക്രമം തടയാനുള്ള നിയമം സൊസൈറ്റികൾക്ക് ഉൾപ്പെടെ ബാധകമാണ്. അമ്മ സംഘടനയിൽ ഇത്തരം സംവിധാനമില്ലാത്തതു നിയമവിരുദ്ധവും മൗലികാവകാശ ലംഘനവുമാണ്. ‘അമ്മ’യ്ക്കു സമിതി രൂപീകരിക്കാൻ നിയമപരമായ ബാധ്യതയുണ്ടെന്നു പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.