ട്രെയിനിന്റെ പേരിൽ കണ്ണന്താനവും തരൂരും തമ്മിൽ അവകാശത്തർക്കം

തിരുവനന്തപുരം∙ ഹംസഫർ എക്സ്പ്രസ് അനുവദിച്ചതിനെച്ചൊല്ലി മന്ത്രിയും എംപിയും തമ്മിൽ അവകാശവാദ തർക്കം. തന്റെ നിവേദന പ്രകാരമാണു ട്രെയിൻ കിട്ടിയതെന്നു കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പറയുമ്പോൾ താനാണ് ആവശ്യവുമായി മന്ത്രിയെ സമീപിച്ചതെന്നു ശശി തരൂർ എംപി. തന്റെ വാദം സമർഥിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ്‌ ഗോയൽ അയച്ച കത്ത് മന്ത്രി പ്രദർശിപ്പിച്ചു. കൊച്ചുവേളി - ബെംഗളൂരൂ ബനസ്‌വാടി ദ്വൈവാര ഹംസഫർ എക്‌സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിലാണു വിവാദം ചൂളം വിളിച്ചത്.

ഔദ്യോഗികമായി ക്ഷണിച്ചില്ലെന്നാരോപിച്ചു ചടങ്ങ് ശശി തരൂർ എംപി ബഹിഷ്‌കരിച്ചതിനു പിന്നാലെയാണ് അവകാശത്തർക്കം തുടങ്ങിയത്. ചടങ്ങിനു തൊട്ടുമുമ്പു കൊച്ചുവേളി റെയിൽവേ സ്‌റ്റേഷനിലെത്തിയ തരൂർ റെയിൽവേ ഉദ്യോഗസ്ഥരോടു പ്രതിഷേധം അറിയിച്ചു മടങ്ങി. തരൂരിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനു മുന്നിൽ സമരം നടത്തി. ചടങ്ങിൽ തന്നെ ഒഴിവാക്കിയതു ചട്ടലംഘനമാണെന്നു തരൂർ ട്വീറ്റ് ചെയ്തു. റെയിൽവേ നൽകിയ പരസ്യത്തിലും ശശി തരൂരിനെ ഉൾപ്പെടുത്തിയിരുന്നില്ല.