അമിത് ഷാ കണ്ണൂരിൽ വിമാനമിറങ്ങിയത് നിയമാനുസൃതം: കിയാൽ

തിരുവനന്തപുരം∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വിമാനത്തിന് ഇറങ്ങാൻ അനുമതി നൽകിയതു സംസ്ഥാന സർക്കാർ അല്ലെന്നും കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനിയാണെന്നും ‘കിയാലി’ന്റെ വിശദീകരണം.

വിമാനത്താവളത്തിൽ നിന്നും ഷെഡ്യൂൾഡ് ഫ്ളൈറ്റുകൾ ഡിസംബർ ആറിനു ശേഷമാണ് അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം നോൺ ഷെഡ്യൂൾഡ് ഫ്ളൈറ്റുകളുടെ ഓപ്പറേഷൻ ലൈസൻസ് ലഭിച്ച വിമാനത്താവളമെന്ന നിലയിൽ ആര് അഭ്യർത്ഥിച്ചാലും വിമാനം ഇറക്കുവാനുള്ള അനുമതി നൽകാവുന്നതാണ്. അതിനാവശ്യമായ ചെലവ് അതതു വിമാന കമ്പനികൾ കണ്ണൂർ വിമാനത്താവള കമ്പനിക്ക് നൽകണം.

അമിത് ഷായുടെ വിമാനം നിയമാനുസൃതമായി പണം അടച്ചാണ് ഇറക്കിയത്. ഇതു കൂടാതെ രണ്ട് നോൺ ഷെഡ്യൂൾഡ് ഫ്ളൈറ്റുകൾക്കും അനുമതി നൽകിയിട്ടുണ്ട്. നോൺ ഷെഡ്യൂൾഡ് ഓപ്പറേഷൻസിന് വേണ്ടി ഡിസംബർ ആറു വരെ അഭ്യർത്ഥിക്കുന്ന എല്ലാ വിമാന കമ്പനികൾക്കും തുടർന്നും അനുമതി നൽകുമെന്നും കിയാൽ വ്യക്തമാക്കി.