ന്യൂനമർദം ശക്തിപ്പെടുന്നു

തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്കു സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി രൂപപ്പെട്ട ചുഴലിക്കാറ്റ് ചംക്രമണം (സൈക്ലോണിക് സർക്കുലേഷൻ) കടൽ നിരപ്പിൽനിന്ന് 5.8 കിമീ ഉയരത്തിൽ വരെ വ്യാപിച്ചു കിടക്കുന്നു. ഇത് മൂന്നു ദിവസങ്ങൾക്കുള്ളിൽ കന്യാകുമാരിക്കു സമീപത്തുകൂടി വടക്കുപടിഞ്ഞാറുഭാഗത്തേക്കു നീങ്ങും.

ഇന്നും നാളെയും കന്യാകുമാരി മേഖലയിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്തിനു മുകളിലും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.  ‌മൽസ്യത്തൊഴിലാളികൾ ഈ ഭാഗങ്ങളിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. പോയവർ എത്രയും പെട്ടെന്ന് തിരിച്ചെത്തണം. ന്യൂനമർദത്തിന്റെ ഫലമായി ഇന്നും നാളെയും വ്യാപകമഴയുടെ മുന്നറിയിപ്പായ യെലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.