അമിത് ഷായുടെ കണ്ണൂർ പ്രസംഗത്തിനെതിരെ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ

ന്യൂഡൽഹി∙ ശബരിമല വിഷയത്തിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ കണ്ണൂരിൽ നടത്തിയ പരാമർശത്തെക്കുറിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരണം തേടണമെന്ന് വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. നടപ്പാക്കാൻ കഴിയുന്ന വിധിന്യായമാണ് സുപ്രീം കോടതി പുറപ്പെടുവിക്കേണ്ടതെന്ന അമിത് ഷായുടെ പ്രസ്താവന സുപ്രീംകോടതിയുടെ അധികാരം ചോദ്യം ചെയ്യുന്നതാണെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു. അമ്പതോളം പ്രമുഖ ഉദ്യോഗസ്ഥരാണ് പ്രസ്താവനയിൽ ഒപ്പുവച്ചിരിക്കുന്നത്.

കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ നിന്നു വിട്ടു നിൽക്കാനാണ് സംസ്ഥാന സർക്കാരിനോട് അമിത് ഷാ ആവശ്യപ്പെടുന്നത്. ഭരണഘടനയ്ക്കു നിരക്കാത്ത പെരുമാറ്റമാണിത്. സുപ്രീംകോടതി, തിരഞ്ഞെടുപ്പു കമ്മിഷൻ, പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവർ ഈ പരാമർശത്തിനെതിരെ നടപടിയെടുക്കണം. ഫെഡറലിസം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചു ശക്തമായി വാദിക്കുന്ന പ്രധാനമന്ത്രി ഒരു സംസ്ഥാന സർക്കാരിനെ വലിച്ചു താഴെയിടുമെന്ന പ്രസ്താവന അവഗണിക്കരുത്.

ഭരണഘടനാ നിയമങ്ങൾ പാലിക്കാത്ത പാ‍ർട്ടി പ്രസിഡന്റിന്റെ നടപടിയെക്കുറിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരണം തേടണം. സുപ്രീംകോടതിയുടെ അധികാരം ചോദ്യം ചെയ്തയാൾക്കെതിരെ കോടതി സ്വമേധയാ കേസെടുക്കണം. പ്രസംഗത്തിനു സർക്കാരിന്റെ പിന്തുണയില്ലെന്ന് വ്യക്തമാക്കാൻ പ്രധാനമന്ത്രിക്കു ബാധ്യതയുണ്ട്. ഭരണഘടനാ മര്യാദ പാലിക്കണമെന്ന് രാഷ്ട്രപതി നിർദേശിക്കുകയും വേണമെന്ന് പ്രസ്താവനയിൽ പറഞ്ഞു.