ഉമ്മൻ ചാണ്ടിക്കും വേണുഗോപാലിനുമെതിരായ കേസ്: എഡിജിപിയും പിൻമാറുന്നു

തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കെ.സി. വേണുഗോപാൽ എംപിക്കുമെതിരായ ലൈംഗികാരോപണക്കേസ് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതലയിൽനിന്ന് എഡിജിപി അനിൽകാന്തും പിൻമാറി. ഈ സർക്കാർ വന്നയുടൻ അന്നത്തെ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനും കേസ് എടുക്കാതെ ഒഴിഞ്ഞുമാറിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ തുടർച്ചയായ പിൻമാറ്റം സർക്കാരിനു തിരിച്ചടിയായി. 

പരാതിക്കാരിയുടെ മൊഴികളിലെ വൈരുധ്യം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് അനിൽകാന്ത്, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു കത്ത് നൽകിയിരിക്കുന്നത്. അന്വേഷണസംഘത്തിലുള്ള ഒരു ഡിവൈഎസ്പിയും തന്നെ ഒഴിവാക്കണമെന്നു ക്രൈംബ്രാഞ്ച് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

മൊഴികളിലെയും പരാതികളിലെയും വൈരുധ്യമാണു മുൻപു രാജേഷ് ദിവാനും ചൂണ്ടിക്കാട്ടിയത്. അന്നു സർക്കാർ രൂപീകരിച്ച അന്വേഷണസംഘത്തിലുണ്ടായിരുന്ന ഐജി ദിനേന്ദ്ര കശ്യപും കേസ് എടുക്കാനോ അന്വേഷണം തുടരാനോ തയാറായില്ല. അന്നു പകുതി മൊഴി നൽകിയ പരാതിക്കാരി പിന്നീട് അന്വേഷണവുമായി സഹകരിച്ചുമില്ല. 

ഒടുവിൽ, കഴിഞ്ഞ മാസം ലഭിച്ച പുതിയ പരാതിയിൽ അന്വേഷണത്തിന് എസ്പി യു.അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈഎസ്പി എ. ഷാനവാസിനെയും സംഘത്തിൽ ഉൾപ്പെടുത്തി. മേൽനോട്ടച്ചുമതല അനിൽകാന്തിനു നൽകി. അതിനു ശേഷമാണ് ഉമ്മൻ ചാണ്ടിക്കും വേണുഗോപാലിനുമെതിരെ കേസ് എടുത്തത്. പരാതിക്കാരിയുടെ വിശദമൊഴിയെടുത്തു.  കോടതിയിൽ രഹസ്യ മൊഴിയും രേഖപ്പെടുത്തി. തുടർനടപടി ആരാഞ്ഞു ഡിജിപി അയച്ച കത്തിനുള്ള മറുപടിയിലാണ് അനിൽകാന്ത് നിലപാട് വ്യക്തമാക്കിയത്.

പരാതിക്കാരി രാഷ്ട്രീയ നേതാക്കളെ ബന്ധപ്പെടുത്തി മുൻപു 3 പരാതികൾ നൽകിയിട്ടുണ്ട്. ഇതിലെല്ലാം പൊലീസിനു നൽകിയ മൊഴികളിൽ വൈരുധ്യമുണ്ട്. കേസുമായി മുന്നോട്ടുപോയാൽ കോടതിയിൽ തിരിച്ചടി ഉണ്ടാകുമെന്നു അനിൽകാന്ത് ധരിപ്പിച്ചതായാണു വിവരം. ദക്ഷിണമേഖല എഡിജിപി, ശബരിമല ചീഫ് കോ ഓഡിനേറ്റർ, ഉത്തരമേഖല എഡിജിപിയുടെ ചുമതല എന്നിവ വഹിക്കുന്നതിനാൽ ഈ കേസിന്റെ മേൽനോട്ടം വഹിക്കാൻ കഴിയില്ലെന്നും മറ്റാരെയെങ്കിലും ചുമതല ഏൽപിക്കണമെന്നും അഭ്യർഥിച്ചു. 

മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി 2012ൽ ക്ലിഫ് ഹ‌ൗസിലും കെ.സി. വേണുഗോപാൽ, മന്ത്രിയായിരുന്ന എ.പി. അനിൽ കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ്ഹൗസിലും വച്ച് പരാതിക്കാരിയെ പീഡിപ്പിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. 

∙ 'എഡിജിപി അനിൽകാന്തിന്റെ കത്തു ലഭിച്ചു. സർക്കാരാണു തുടർനടപടി സ്വീകരിക്കേണ്ടത്. അനിൽകാന്ത് ഡൽഹിയിൽ നിന്നു മടങ്ങിയെത്തിയ ശേഷം അദ്ദേഹവുമായും കൂടിയാലോചിക്കും.' - ഡിജിപി ലോക്നാഥ് ബെഹ്റ