ചികിത്സ നൽകിയിട്ടു മതി ചോദ്യം; പൊലീസിനോട് ഗവർണർ

കണ്ണൂരിൽ ലുബ്നാഥ് ഷാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആര്യബന്ധു പുരസ്കാരം ഗവർണർ റിട്ട. ജസ്റ്റിസ് പി.സദാശിവം വിപിഎസ് ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടറും ചെയർമാനുമായ ഡോ.ഷംസീർ വയലിലിനു സമ്മാനിക്കുന്നു.

കണ്ണൂർ∙ അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നവരെ വലയ്ക്കുംവിധം പൊലീസ് ഇടപെടരുതെന്നു ഗവർണർ പി.സദാശിവം. ആദ്യം വിദഗ്ധ ചികിത്സയ്ക്കുള്ള സംവിധാനം ഒരുക്കണം. ചോദ്യം ചെയ്യൽ പിന്നീടു മതിയെന്നും താൻ ചീഫ് ജസ്റ്റിസ് ആയിരിക്കെ പുറപ്പെടുവിച്ച വിധി ഓർമപ്പെടുത്തിക്കൊണ്ട് പി.സദാശിവം പറഞ്ഞു. ലുബ്നാഥ് ഷാ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് പുറത്തിറക്കിയ ജീവൻ രക്ഷാ മൊബൈൽ ആപ്പിന്റെ ഉദ്ഘാടനവും വിപിഎസ് ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ ഡോ. ഷംഷീർ വയലിലിന് ആര്യബന്ധു പുരസ്കാര സമർപ്പണവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യരംഗത്തും സാമൂഹിക രംഗത്തും ഡോ. ഷംഷീറിന്റെ സേവനങ്ങളെ മാനിച്ച് അദ്ദേഹത്തെ അടുത്ത റിപ്പബ്ലിക് ദിന പരിപാടിയിലേക്ക് അതിഥിയായി ക്ഷണിക്കുന്നതായും ഗവർണർ പറഞ്ഞു. പ്രളയത്തിൽ തകർന്ന 13 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പുനർനിർമിക്കാനുള്ള ഷംഷീറിന്റെ ശ്രമങ്ങളെ മന്ത്രി കെ.കെ.ശൈലജ അഭിനന്ദിച്ചു. പ്രളയകാലത്തും ‘നിപ്പ’ നാളുകളിലും മരുന്നുകളും ആരോഗ്യ സുരക്ഷാ ഉപകരണങ്ങളും നൽകിയതിനും മന്ത്രി നന്ദി പറഞ്ഞു. റോഡ് അപകടങ്ങളിൽപെടുന്നവരെ രക്ഷിക്കാൻ ലുബ്നാഥ് ഷാ ട്രസ്റ്റിനു മൊബൈൽ ഐസിയു നൽകുമെന്നു ഡോ. ഷംഷീർ പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.