കെഎസ്ഇബി ബിൽ കൗണ്ടർ സമയം കുറയ്ക്കുന്നു

കൊച്ചി∙ ഉപഭോക്താക്കൾക്കു കൗണ്ടറിൽ വൈദ്യുതി ബിൽ അടയ്ക്കാനുള്ള സമയം കെഎസ്ഇബി കുറയ്ക്കുന്നു. ഓൺലൈനിൽ ബിൽ അടയ്ക്കൽ പ്രോൽസാഹിപ്പിച്ച് ചെലവു ചുരുക്കുകയാണു ലക്ഷ്യം. 2000 രൂപയ്ക്കു മുകളിൽ ബില്ലുള്ള ഗാർഹികേതര ഉപഭോക്താക്കളിൽ നിന്നു കൗണ്ടറിൽ പണം സ്വീകരിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ജനുവരി ഒന്നു മുതൽ നിലവിൽ വരുന്ന സമയക്രമം:15,000 കണക്‌ഷനുകളിൽ താഴെയുള്ള ഓഫിസുകളിൽ രാവിലെ 9 മുതൽ 3 വരെ. അതിലധികമുണ്ടെങ്കിൽ പതിവുപോലെ 8 മുതൽ 6 വരെ.

വൈദ്യുതി ബില്ലുകൾ രാവിലെ 8 മുതൽ 6 വരെ സ്വീകരിക്കുന്നതു ജോലിയുള്ള ഉപഭോക്താക്കൾക്കു സൗകര്യമായിരുന്നു. വൈദ്യുതി വകുപ്പിന്റെ ഏത് ഓഫിസിലും ബിൽ അടയ്ക്കാം എന്ന സൗകര്യം ഇപ്പോഴുമുണ്ട്. ബോർഡിന്റെ 80% ഉപഭോക്താക്കളും ഗാർഹിക വിഭാഗത്തിൽ വരുന്നവരാണ്. ഇതിൽ 9% മാത്രമാണ് ഓൺലൈൻ വഴി പണം അടയ്ക്കുന്നത്. നഗരങ്ങളിൽ ഇത് 30–50 % ആണ്.