മതപരമായ വോട്ടർ പട്ടികയിൽ പേരു വേണ്ടെന്ന്‌ വി.ടി.ബൽറാം

വി.ടി. ബൽറാം (ഫയൽ ചിത്രം)

തിരുവനന്തപുരം∙ദേവസ്വം ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള മതപരമായ വോട്ടർ പട്ടികയിൽ നിന്നു തന്നെ ഒഴിവാക്കണമെന്നു വി.ടി.ബൽറാം എംഎൽഎ. തിരുവിതാംകൂർ,കൊച്ചി,മലബാർ ദേവസ്വം ബോർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പിനു  നിയമസഭയിലെ 76 ഹിന്ദു അംഗങ്ങളുടെ വോട്ടർ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.

ഹിന്ദു എംഎൽഎമാരാണു ദേവസ്വം ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. വോട്ടർമാരുടെ പേരിനൊപ്പം അഭിപ്രായം രേഖപ്പെടുത്തുന്ന കോളത്തിലാണു വി.ടി.ബൽറാമിന്റെ നിലപാട് രേഖപ്പെടുത്തിയിട്ടുളളത്. ഏതെങ്കിലും പ്രത്യേക മത വിഭാഗക്കാർക്കുള്ള തിരഞ്ഞെടുപ്പു പ്രക്രിയയ്ക്കു തയാറാക്കുന്ന വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാണ് അഭ്യർഥന.

തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളിലേക്കു പട്ടിക ജാതി,വർഗ വിഭാഗങ്ങളിൽ നിന്ന് ഓരോ അംഗത്തെയും മലബാർ ദേവസ്വം ബോർഡിലേക്ക് രണ്ട് അംഗങ്ങളെയുമാണ് 29നു നിയമസഭാ മന്ദിരത്തിൽ തിരഞ്ഞെടുക്കുക. മലബാർ ദേവസ്വം പ്രസിഡന്റ് ഒ.കെ.വാസുവിനു വീണ്ടും മത്സരിക്കാനുള്ള നിയമ തടസ്സം ഒഴിവാക്കാൻ ദേവസ്വം ഭേദഗതി ഓർഡിനൻസ്  പുറത്തിറക്കിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്ക്് മുൻ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ എൻ.വിജയകുമാറിന്റെ പേര് സിപിഎം നിർദേശിച്ചിരുന്നു. 76 ഹിന്ദു എംഎൽഎമാരിൽ 64 പേരും എൽഡിഎഫ് അംഗങ്ങളോ എൽഡിഎഫിനെ പുറത്തുനിന്നു പിന്തുണയ്ക്കുന്നവരോ ആണ്.