സോളർ തട്ടിപ്പു കേസ്: വിചാരണ തുടങ്ങി

സരിതാ നായർ

തിരുവനന്തപുരം∙ സരിതാ നായർ, ബിജു രാധാകൃഷ്ണൻ എന്നിവർ പ്രതികളായ സോളർ തട്ടിപ്പു കേസിന്റെ വിചാരണ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ആരംഭിച്ചു. ഗാർഹികാവശ്യത്തിനായുള്ള സോളർ പാനലിന്റെയും കാറ്റാടി യന്ത്രങ്ങളുടെയും കന്യാകുമാരി, തിരുവനന്തപുരം ജില്ലകളിലെ വിതരണാവകാശം വാഗ്ദാനം ചെയ്തു നാലര ലക്ഷം രൂപ തട്ടിയെടുത്തെന്നാണു പ്രോസിക്യൂഷൻ കേസ്. കേസിലെ മൂന്നാം പ്രതി ഇന്ദിരാദേവി ഒളിവിലാണ്. നാലാം പ്രതി ഷൈജു സുരേന്ദ്രനെ പ്രത്യേകം വിചാരണ ചെയ്യും. 2009 ലാണ് സംഭവം.

കേസിലെ വാദിയും ഒന്നാം സാക്ഷിയുമായ ആർ.ജി.അശോക് കുമാറിന്റെ മൊഴി ഇന്നലെ കോടതി രേഖപ്പെടുത്തി. പ്രതികളുടെ സ്ഥാപനമായ ഐസിഎംഎസ് പവർ ആൻഡ് കണക്ടിന്റെ പേരിലാണു ചെക്ക് നൽകിയതെന്നു സാക്ഷി മൊഴി നൽകി. കേസ് അടുത്ത മാസം 21 ന് കോടതി പരിഗണിക്കും.