പകുതി വീതം: ആ ധാരണ യഥാർഥത്തിൽ ഉണ്ടോ?

കെ. കൃഷ്ണൻകുട്ടി, മാത്യു ടി.തോമസ്

തിരുവനന്തപുരം∙ രണ്ടര വർഷം കഴിയുമ്പോൾ മാത്യു ടി. തോമസിനു പകരം കെ.കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാൻ നേരത്തേ ഔദ്യോഗിക ധാരണയുണ്ടായിരുന്നോ? ആ ധാരണപ്രകാരമാണു തീരുമാനമെന്നു കേന്ദ്രനേതൃത്വം വ്യക്തമാക്കുമ്പോൾ മാത്യു ടി. തോമസ് അക്കാര്യം അംഗീകരിക്കുന്നില്ല. മന്ത്രിസഭാ രൂപീകരണ വേളയിൽ പാർട്ടിക്കകത്ത് കൃഷ്ണൻകുട്ടിക്കായിരുന്നു‍ മുൻതൂക്കം. പക്ഷേ, മാത്യു ടി.തോമസ് വഴങ്ങിയില്ല. കെ. കൃഷ്ണൻകുട്ടി, മാത്യു ടി.തോമസ്, സി.കെ.നാണു, കായിക്കര ഷംസുദ്ദീൻ, ജോസ് തെറ്റയിൽ, ജോർജ് തോമസ് എന്നിവർ അംഗങ്ങളായ നേതൃസമിതിയെ നിയോഗിച്ചു.

ഇതിൽ ജോർജ് തോമസും മാത്യു ടിയും ഒഴികെയുള്ളവർ കൃഷ്ണൻകുട്ടിയെ തുണച്ചു. എന്നാൽ 2006 ലെ വിഎസ് മന്ത്രിസഭയുടെ കാലത്തു തനിക്കു പകുതിവച്ചു മന്ത്രിസഭയിൽ നിന്ന് ഒഴിയേണ്ടിവന്നതു മാത്യു ടി. ചൂണ്ടിക്കാട്ടി. പാർട്ടിക്കുവേണ്ടി അങ്ങനെ ഇറങ്ങിപ്പോരേണ്ടിവന്നതു കൂടി കണക്കിലെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തർക്കം രൂക്ഷമായപ്പോൾ തീരുമാനം കേന്ദ്ര നേതൃത്വത്തിനു വിട്ടു. ഈ ഘട്ടത്തിൽ ഗൗഡ ‘പകുതി വീതം’ എന്ന ധാരണ നിർദേശിച്ചെന്നാണു കൃഷ്ണൻകുട്ടിയുടെ വാദം. എന്നാൽ ഗൗഡയോട് ഇക്കാര്യം നേരിട്ടു ചോദിച്ചപ്പോൾ അങ്ങനെയില്ലെന്ന് അദ്ദേഹം തന്നോടു പറഞ്ഞുവെന്നു മാത്യു ടിയും വ്യക്തമാക്കി.