കെഎംഎംഎൽ ക്രമക്കേട്: ടോംജോസിനെതിരായ പരാതിയിൽ കഴമ്പില്ലെന്നു വിജിലൻസ്

ടോം ജോസ്

തിരുവനന്തപുരം∙ ചീഫ് സെക്രട്ടറി ടോം ജോസ് കേരള മിനറൽസ് ആൻഡ് മെറ്റൽസ് മാനേജിങ് ഡയറക്ടറായിരിക്കെ മഗ്നീഷ്യം ഇറക്കുമതി ചെയ്തതിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ കഴമ്പില്ലെന്നു വിജിലൻസ്. കമ്പനിക്കു നേട്ടമുണ്ടാക്കാനായി ചെയ്ത കാര്യം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും ഇറക്കുമതിയിൽ അഴിമതിയില്ലെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വിജിലൻസ് വ്യക്തമാക്കി.

ടോം ജോസ് എംഡിയായിരിക്കെ 250 ടൺ മഗ്നീഷ്യം ഇറക്കുമതി ചെയ്തതിൽ 1.21 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണു വിജിലൻസ് കേസെടുത്തത്. ഇ–ടെൻഡർ വഴി സ്വകാര്യ കമ്പനികളിൽ നിന്നു 88 ടൺ മഗ്നീഷ്യം വാങ്ങി. ബാക്കി 162 ടൺ കൂടിയ വിലയ്ക്കു വാങ്ങിയെന്നും ഇതിൽ സ്ഥാപനത്തിനു 2.54 കോടി നഷ്ടമുണ്ടായെന്നുമാണു പരാതി. പ്രാഥമികാന്വേഷണത്തിനു ശേഷം നഷ്ടം 1.21 കോടിയായി നിജപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, ഇടപാടിലൂടെ കെഎംഎംഎല്ലിനു നഷ്ടമുണ്ടായില്ലെന്നും മൽസരാധിഷ്ഠിത ടെൻഡറിലേക്ക് വന്നതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും തിരുവനന്തപുരം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വിജിലൻസ് വ്യക്തമാക്കി.

സസ്പെൻഷനിലുള്ള ഡിജിപി: ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയാണ് കേസ് റജിസ്റ്റർ ചെയ്തത്. ടോം ജോസിനെ സസ്പെൻഡ് ചെയ്യണമെന്നും ശുപാർശ ചെയ്തിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറി ഇക്കാര്യം തള്ളി. കേസ് നിലനിൽക്കില്ലെന്നു നിയമസെക്രട്ടറി ഫയലിൽ കുറിക്കുകയും ചെയ്തിരുന്നു. ജേക്കബ് തോമസിന്റെ കാലത്തു തന്നെ റജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത്സമ്പാദനക്കേസിലും ടോം ജോസ് കുറ്റക്കാരനല്ലെന്നു വിജിലൻസ് കണ്ടെത്തിയിരുന്നു.