കന്യാസ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സമിതി വേണം: രേഖ ശർമ

കൊച്ചി ∙ ക്രിസ്ത്യൻ സന്യാസസഭകളിൽ കന്യാസ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) രൂപീകരിക്കണമെന്നു ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ. സഭ ഇപ്പോഴും ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കുകയാണ്. പീഡന കേസിലെ പ്രതിയെ വാഴ്ത്തുകയാണു സഭ ചെയ്യുന്നതെന്നും അവർ ആരോപിച്ചു. അതേസമയം, ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച വിഷയത്തെക്കുറിച്ചു പ്രതികരിക്കാൻ അവർ തയാറായില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തെക്കുറിച്ചു പരാമർശിക്കുന്നത് ഉചിതമല്ലെന്നായിരുന്നു പ്രതികരണം.

പരാതിക്കാരിയായ കന്യാസ്ത്രീയെ അവഹേളിച്ച പി.സി.ജോർജ് എംഎൽഎ ഇതുവരെ കമ്മിഷനു മുന്നിൽ ഹാജരായില്ലെന്നു രേഖ ശർമ പറഞ്ഞു. സുഖമില്ല, തിരക്കാണ് എന്നിങ്ങനെ ഓരോ ന്യായീകരണങ്ങൾ പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയാണ്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സ്പീക്കർക്കു കത്തയച്ചിട്ടുണ്ട്. എംഎൽഎ, എംപി പദവികളേക്കാൾ മുകളിലാണു കമ്മിഷൻ. അറസ്റ്റിന് ഉത്തരവിടാനും കമ്മിഷന് അധികാരമുണ്ട്. ജോർജ് ഇനിയും ഹാജരായില്ലെങ്കിൽ അടുത്ത നടപടികളിലേക്കു കടക്കും.

പി.കെ.ശശി എംഎൽഎയ്ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകും. പരാതിക്കാരി പൊലീസിനു പരാതി കൈമാറാത്തത് അതിശയിപ്പിക്കുന്നു. പാർട്ടി നടപടിയിൽ കാര്യമില്ല. കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും ഡിജിപിയിൽ നിന്നു വിശദീകരണം തേടുകയും ചെയ്തെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സ്ത്രീകളെ അപമാനിക്കുന്നത് ഏതു പ്രസ്ഥാനത്തിലായാലും കർശന നിയമനടപടി സ്വീകരിക്കണം.

എല്ലാ സ്ഥാപനങ്ങളിലും ആഭ്യന്തര പരാതി പരിഹാര സമിതികൾ രൂപീകരിക്കുന്നുവെന്നു സർക്കാർ ഉറപ്പാക്കണം. വിവിധ സർക്കാർ വകുപ്പുകളിൽ ഇപ്പോഴും സമിതികളിലെന്നും അവർ പറഞ്ഞു.