അടുത്ത വിമാനവാഹിനി നിർമാണവും കൊച്ചിയിൽ

ന്യൂഡൽഹി ∙ വിക്രാന്തിനു പിന്നാലെ അടുത്ത വിമാനവാഹിനി കപ്പലും കൊച്ചി കപ്പൽശാലയിൽ നിർമിക്കും. നിർമാണം പുരോഗമിക്കുന്ന ഐഎൻഎസ് വിക്രാന്ത് അടുത്ത വർഷം അവസാനമോ 2020 ആദ്യമോ സേനയുടെ ഭാഗമാകും. പിന്നാലെ, അടുത്ത കപ്പൽ നിർമാണത്തിനുള്ള നടപടികൾ ആരംഭിക്കും. ഇന്ത്യ സ്വന്തമായി നിർമിക്കുന്ന രണ്ടാമത്തെ വിമാനവാഹിനി കപ്പലാവും ഇത്. 65,000 ടൺ ഭാരമുള്ള കപ്പൽ 10 വർഷത്തിനകം സേനയുടെ ഭാഗമാകുമെന്നു നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബ വ്യക്തമാക്കി.

വിമാനവാഹിനി നിർമാണത്തിൽ കൊച്ചിക്കുള്ള പരിചയവും ജീവനക്കാർക്കുള്ള വൈദഗ്ധ്യവും കണക്കിലെടുത്താണു നടപടിയെന്നു സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. കപ്പലിന്റെ രൂപകൽപന, വലുപ്പം എന്നിവയിൽ ധാരണയായി. നിർമാണച്ചെലവ്, സാങ്കേതിക വിശദാംശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതിരോധ മന്ത്രാലയവുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.