വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ കേസിൽ ദുരൂഹതയേറെ

പത്തനംതിട്ട∙ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയ കേസിൽ അന്വേഷണം മാതാപിതാക്കളിലേക്കും അടുത്ത ബന്ധുക്കളിലേക്കും തിരിയുന്നു. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പൊലീസ് അന്വേഷണം ശക്തമാക്കി. സിഐയുടെ നേതൃത്വത്തിലുള്ള സംഘം കർണാടകയിൽ. മഞ്ഞനിക്കരയിൽ നിന്ന് വെള്ളിയാഴ്ച രാത്രി 9.45 ന് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയ കേസിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വിദ്യാർഥിയുടെ മാതൃസഹോദര‌ീ പുത്രൻ അവിനാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടിയിലായത്. അവിനാശിന്റെ പിതാവ് മുരളീധരനും സംഘത്തിലുണ്ടായിരുന്നെങ്കിലും കടന്നുകളഞ്ഞു. വിദ്യാർഥിയുടെ മാതാപിതാക്കളുമായി അവിനാശിന്റെ കുടുംബത്തിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോ എന്ന് പൊലീസ് സംശയിക്കുന്നു. ഇതു സൂചിപ്പിക്കുന്ന ഏതാനും രേഖകൾ കണ്ടെത്തിയിരുന്നു. ‌അവിനാശും കുടുംബവും മഞ്ഞനിക്കരയിലെത്തി വിദ്യാർഥിയുടെ മാതാപിതാക്കളോട് 25 ലക്ഷം ആവശ്യപ്പെട്ടത് എന്തിനാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇതാണ് പൊലീസിനെ കുഴക്കുന്നത്. അവിനാശും മുരളീധരനും ബ്ലാക്ക്മെയിൽ തന്ത്രമാണ് ഉപയോഗിക്കുന്നതെന്ന് പൊലീസിന് സംശയമുണ്ട്.

അവിനാശിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വിദ്യാർഥിയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തു. വിദ്യാർഥിയുടെ കുടുംബവും അവിനാശിന്റെ കുടുംബവും നിരീക്ഷണത്തിലാണ്.

വിദ്യാർഥിയുടെ മാതൃസഹോദരൻ മഞ്ഞനിക്കരയിലെ വീടിന്റെ സമീപമുള്ള യുവതിയെയാണ് വിവാഹം കഴിച്ചത്. വിവാഹശേഷം ഇരുവരും മൈസൂരുവിലാണ് താമസം. ഏറെ നാളായി ഇൗ യുവതി നാട്ടിൽ വന്നിട്ടില്ല. ഇവരുടെ മാതാവിനെക്കുറിച്ചും വിവരമില്ല. ഇവിടെ ഉണ്ടായിരുന്ന സ്ഥലം വിറ്റാണ് പോയതെന്നും ബെംഗളൂരുവിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിലാണ് ഇവരുടെ മാതാവെന്നുമാണ് വിദ്യാർഥിയുടെ മാതാപിതാക്കൾ പറയുന്നത്. ഇതിനെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.