വിവാദം വേണ്ട, ഇനി പുനർനിർമാണം; ഗവർണറുടെ ആഹ്വാനത്തെ വരവേറ്റ് രാഷ്ട്രീയ പാർട്ടികൾ

വികസനത്തിനു കൈ കോർത്ത്: മലയാള മനോരമയും മനോരമ ന്യൂസ് ചാനലും ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ തിരുവനന്തപുരത്തു സംഘടിപ്പിച്ച ‘കേരളം നാളെ’ വികസന ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി ഇ.പി.ജയരാജൻ എന്നിവർ. ചിത്രം: മനോരമ

തിരുവനന്തപുരം ∙ പ്രളയകാലത്തെ രാഷ്ട്രീയ ഒരുമ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിലും തുടരാൻ മലയാള മനോരമയും മനോരമ ന്യൂസും ചേർന്നു ഫെഡറൽ ബാങ്കിന്റെ പിന്തുണയോടെ  ഒരുക്കിയ ‘കേരളം നാളെ’ ഉച്ചകോടിയിൽ ധാരണ. ഉച്ചകോടി ഉദ്ഘാടനം ചെയ്ത ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന്റെ ‘വിവാദങ്ങൾക്കു വിട നൽകൂ; പുനർനിർമാണത്തിൽ ശ്രദ്ധിക്കൂ’ എന്ന നിർദേശം അന്വർഥമാക്കിയാണ് തുടർചർച്ചകളിൽ ഭരണപക്ഷവും പ്രതിപക്ഷവും കൈകോർത്തത്.

ഹർത്താലുകൾ‌ പരമാവധി നിയന്ത്രിക്കുമെന്നു  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ‌ വ്യക്തമാക്കിയപ്പോൾ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ യോജിച്ചു. പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന നിലപാട് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ള അറിയിച്ചു. എംപിമാരുടെ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ വീതം കേരളത്തിലെ പ്രളയസഹായ പ്രവൃത്തികൾക്കായി നൽകാമെന്നു ലോക്സഭാസ്പീക്കർ നിർദ്ദേശിച്ചിട്ടും അതു വാങ്ങിയെടുത്തില്ലെന്നു പി.എസ്. ശ്രീധരൻപിള്ള ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇതു ലഭ്യമാക്കുന്നതിനു മുൻകൈ എടുക്കാൻ കേരളത്തിലെ എംപിമാരോട് ആവശ്യപ്പെടാമെന്ന് ഇരുനേതാക്കളും വാക്കു നൽകി.

ശശി തരൂർ എംപി ആധ്യക്ഷ്യം വഹിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, ഫെഡറൽ ബാങ്ക്  വൈസ് പ്രസിഡന്റും സോണൽ മേധാവിയുമായ വി.വി അനിൽകുമാർ, മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു, ചീഫ് ന്യൂസ് എഡിറ്റർ മർക്കോസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. ശാരീരികാസ്വാസ്ഥ്യം മൂലം ഇന്നലെ പൊതുപരിപാടികൾ ഒഴിവാക്കിയ മുഖ്യമന്ത്രിക്കു പകരം  മന്ത്രി ഇ.പി. ജയരാജൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.

‘കേരള വികസനം-ഒത്തൊരുമയുടെ രാഷ്ട്രീയം’ എന്ന വിഷയത്തിലെ ചർച്ച മനോരമ ന്യൂസ് ചാനൽ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് നയിച്ചു. വിഡിയോ വഴി പങ്കുചേർന്ന നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് കേരള പുനർനിർമാണ ദർശനരേഖ അവതരിപ്പിച്ചു. വ്യവസായ മേഖലയുടെ ആശങ്കകൾ ഐബിഎസ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ. മാത്യൂസ് അവതരിപ്പിച്ചു. മൂന്നു പാനലുകളായി 40 വിദഗ്ധർ പങ്കെടുത്ത ചർച്ച മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്, മുൻ അഡിഷനൽ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണൻ, ആസൂത്രണ ബോർഡ് മുൻ അംഗം ജി. വിജയരാഘവൻ എന്നിവർ നയിച്ചു.