നീര പൊതു ബ്രാൻഡിൽ ഇറക്കും: മന്ത്രി സുനിൽകുമാർ

കോഴിക്കോട്∙ ആരോഗ്യ പാനീയമായ നീര സംസ്ഥാനത്ത് പൊതു ബ്രാൻഡിൽ ഇറക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. സംസ്ഥാന നാളികേര വികസന കോർപറേഷൻ എലത്തൂരിൽ സ്ഥാപിച്ച നീര പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാളികേര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ രൂപവൽക്കരിച്ച നാളികേര കൗൺസിലിന്റെ പ്രഥമ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് എല്ലായിടത്തും നീര പ്രകൃതിദത്തമായ സ്വാഭാവികതയിൽ വിൽപന നടത്തണം. നീരയിൽ അടങ്ങിയിരിക്കുന്ന ചേരുവകളും എല്ലായിടത്തും ഒന്നായിരിക്കണം. അങ്ങനെയായാൽ മാത്രമേ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന നീരയ്ക്കു മികച്ച വിപണി കണ്ടെത്താനാകൂവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നീര ഉത്പാദനത്തിനു പ്രശ്നം സൃഷ്ടിക്കുന്നത് സാങ്കേതിക പ്രവർത്തകരുടെ കുറവാണ്. ഇതിനു പരിഹാരമായിട്ടാണ് എലത്തൂരിലെ നീര പ്ലാന്റിൽ പരിശീലന പരിപാടി ആരംഭിച്ചിട്ടുള്ളത്. പ്രമേഹ രോഗികൾക്ക് ഉപയോഗിക്കാവുന്ന പഞ്ചസാര ഉത്പാദിപ്പിക്കാനും നാളികേര വികസന കോർപറേഷൻ ഉദ്ദേശിക്കുന്നുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയതായും മന്ത്രി വ്യക്തമാക്കി. മന്ത്രി എ.കെ. ശശീന്ദ്രൻ ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു.

സംസ്ഥാന നാളികേര വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ എം. സുനിൽകുമാർ, കോർപറേഷൻ കൗൺസിലർ വി. റഹിയ, സിപിഎം ജില്ലാ സെക്രട്ടറി എം. മോഹനൻ, സിപിഐ ജില്ലാ സെക്രട്ടറി ടി.വി. ബാലൻ, എൽജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് എം. ലോഹ്യ, സംസ്ഥാന നാളികേര വികസന കോർപറേഷൻ ഡയറക്ടർമാരായ പി.വിശ്വൻ, എ.എൻ. രാജൻ, പി.ടി. ആസാദ്, കെ.എസ്. രവി, ജനറൽ മാനേജർ കെ.എസ്. ജയേഷ് എന്നിവർ പ്രസംഗിച്ചു. മൂല്യവർധിത ഉത്പന്നങ്ങൾ വിപണനം ചെയ്യാനുള്ള നാളികേര വികസന കോർപറേഷന്റെ ആദ്യചുവടായാണ് എലത്തൂരിൽ നീര പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. പ്രതിദിനം 300 ലിറ്റർ ഉത്പാദന ശേഷിയുള്ള പൈലറ്റ് പ്ലാന്റാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.