സൈലന്റ്‌ വാലിയിൽ ക്യാമറ കാണാതായി; മാവോയിസ്റ്റുകളെ സംശയം

അഗളി ∙ സൈലന്റ്‌ വാലി ദേശീയോദ്യാനത്തിൽ കടുവകളുടെ കണക്കെടുപ്പിനായി സ്ഥാപിച്ച 10 ക്യാമറകൾ കാണാതായി. ഉദ്യാനത്തിലെ ഉൾവനത്തിൽ വാളക്കാട് പ്രദേശത്ത് അഞ്ചിടങ്ങളിലായി സ്ഥാപിച്ചിരുന്ന ക്യാമറകളാണു കാണാതായത്. കടുവകൾ പതിവായി സഞ്ചരിക്കുന്ന വഴികൾക്ക് ഇരുപുറവും മരത്തിൽ ഉറപ്പിച്ചിരിക്കുകയായിരുന്നു ക്യാമറകൾ. ഒരു മാസം മുൻപാണ് ഇവ സ്ഥാപിച്ചത്. ഇടയ്ക്കു പരിശോധന നടത്തിയപ്പോൾ യഥാസ്ഥാനത്ത് ഉണ്ടായിരുന്നു. വിവരശേഖരണത്തിനായി 3 ദിവസം മുൻപ് എത്തിയപ്പോഴാണു ക്യാമറ നഷ്ടപ്പെട്ടത് അധികൃതർ മനസ്സിലാക്കിയത്.

മലപ്പുറം ജില്ലയിലെ നിലമ്പൂർ വനപ്രദേശത്തിനു സമീപമാണു വാളക്കാട്. മുക്കാലിയിൽ നിന്ന് 23 കിലോമീറ്റർ വനംവകുപ്പിന്റെ വാഹനത്തിൽ സൈരന്ധ്രിയിലെത്തി 5 മണിക്കൂർ കാൽനടയായി വേണം വാളക്കാട് എത്താൻ. മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശമാണിത്. അട്ടപ്പാടി വനത്തിൽ നിന്നു നിലമ്പൂർ വനത്തിലേക്കു കാനന പാതയുമുണ്ട്. കഴിഞ്ഞവർഷം അമ്പലപ്പാറ, പാന്തൻതോട്, തമിഴ്നാട്ടിലെ അപ്പർഭവാനി വനമേഖലകളിൽ ക്യാമറകൾ കാണാതായിരുന്നു. സംഭവത്തിനു പിന്നിൽ മാവോയിസ്റ്റുകളുണ്ടെന്ന് അധികൃതർ സംശയിക്കുന്നു. കാണാതായ ക്യാമറകൾക്കു രണ്ടര ലക്ഷം രൂപയോളം വില കണക്കാക്കുന്നു.