ചിറകുവീശി കണ്ണൂർ

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ആദ്യ യാത്രാവിമാനം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നു. കെ.കെ.രാഗേഷ് എംപി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, എയർ ഇന്ത്യ സിഇഒ കെ.ശ്യാം സുന്ദർ, മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കെ.കെ.ശൈലജ, പി.കെ.ശ്രീമതി എംപി, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കലക്ടർ മിർ മുഹമ്മദലി തുടങ്ങിയവർ മുൻനിരയിൽ. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ

മട്ടന്നൂർ (കണ്ണൂർ) ∙ രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ കണ്ണൂരിന്റെ ആകാശസ്വപ്നങ്ങൾ ചിറകുവിരിച്ചു. 4 രാജ്യാന്തര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമെന്ന പദവി കേരളത്തിനു സമ്മാനിച്ച് കണ്ണൂർ വിമാനത്താവളത്തിനു സ്വപ്നത്തുടക്കം. കൂറ്റൻ പന്തൽ കവിഞ്ഞൊഴുകിയ കാൽലക്ഷത്തിലേറെപ്പേരെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്രമന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയായിരുന്നു.

മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ചേർന്ന് പാസഞ്ചർ ടെർമിനൽ ഉദ്ഘാടനം ചെയ്തു. 10.04ന് ആദ്യ യാത്രാവിമാനത്തിന് ഇരുവരും കൊടിവീശി. 186 യാത്രക്കാരുമായി 10.13ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ആകാശം തൊട്ടു. വടക്കൻ മലബാറുകാർ ഒരേ മനസ്സോടെ കണ്ട സ്വപ്നം സത്യമായ നിമിഷം. സദസ്സിൽ നിറഞ്ഞുകവിഞ്ഞവരെ കണ്ട് ‘എന്തൊരാൾക്കൂട്ടം’ എന്നു കേന്ദ്രമന്ത്രി അദ്ഭുതം കൊണ്ടു. ‘എല്ലാവർക്കും ബിഗ് സല്യൂട്ട്’ എന്നു മുഖ്യമന്ത്രിയുടെ അഭിവാദ്യം. നാടിന്റെ മുന്നേറ്റത്തോടൊപ്പം ജനങ്ങളുണ്ടെന്നു ബോധ്യപ്പെടുത്തിയ ജനസഞ്ചയം എന്ന് അഭിനന്ദനം. 

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ആദ്യ യാത്രാവിമാനം അബുദാബിയിലേക്കു പറന്നുയരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737 വിമാനമാണ് ആദ്യ സർവീസ് നടത്തിയത്.

വാദ്യകലയുടെ കുലപതി മട്ടന്നൂർ ശങ്കരൻകുട്ടി കൊട്ടിക്കയറിയ വേദിയിലായിരുന്നു ഉദ്ഘാടന പ്രഖ്യാപനം. ആദ്യ വിമാനത്തിലെ യാത്രക്കാരെ ജനപ്രതിനിധികൾ ചേർന്നു സ്വീകരിച്ചാനയിച്ചാണു ടെർമിനലിൽ എത്തിച്ചത്. അബുദാബിയിലേക്കുള്ള യാത്രാവിമാനം പറന്നുയർന്നതിനു പിന്നാലെ ഡൽഹിയിൽനിന്നുള്ള ഗോഎയർ വിമാനം  ഇറങ്ങി. വിദേശത്തുനിന്നുള്ള യാത്രക്കാരുമായി ആദ്യമെത്തിയത് അബുദാബിയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം. കണ്ണൂരിൽ ആദ്യമായി വിമാനമിറങ്ങിയവർക്കു വൻ സ്വീകരണം നൽകി. 

കണ്ണൂർ വിമാനത്താവളത്തിന്റെ സംരക്ഷണഭിത്തിയിൽ തൂങ്ങി ആദ്യ ടേക്ക് ഓഫ് കാണാൻ ശ്രമിക്കുന്നവർ. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ

ഫ്ലാഗ്ഒാഫ് ചെയ്യാനുള്ള പതാക മലയാള മനോരമയും കാന്നനൂർ സൈക്ലിങ് ക്ലബും ചേർന്നു നടത്തിയ സൈക്കിൾ റാലിയിലാണ് വിമാനത്താവളത്തിലെത്തിച്ചത്. ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര വ്യോമയാന സെക്രട്ടറി ആർ.എൻ.ചൗബേ, സംസ്ഥാന മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കെ.കെ.ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ.ശശീന്ദ്രൻ, കെ.കൃഷ്ണൻകുട്ടി, ലുലു ഗ്രൂപ്പ് ചെയർമാനും കിയാൽ ഡയറക്ടറുമായ എം.എ. യൂസഫലി, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. യുഡിഎഫ് വിട്ടുനിന്ന ചടങ്ങ് ബിജെപിയും ബഹിഷ്കരിച്ചു. 

കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങിലെ ഗാർഡ് ഓഫ് ഓണറിൽ മുഖ്യമന്ത്രി പിണറായി വിജയൻ.