കൊച്ചിയിൽ രാജ്യാന്തര ഇന്റർനെറ്റ് കേബിൾ ശൃംഖല തകർന്നു

കുണ്ടന്നൂർ മേൽപാലം നിർമാണത്തിന്റെ പൈലിങ്ങിനിടെ ഞായർ പുലർച്ചെ പൊട്ടിയ രാജ്യാന്തര ഇന്റർനെറ്റ് ശൃംഖലയുടെ 2000 വാട്സ് പവർ കേബിൾ പുനഃസ്ഥാപിക്കുവാൻ ആവാത്തതിനാൽ ജംക്‌ഷനിൽ ചുരുട്ടി വച്ച നിലയിൽ.

മരട് (കൊച്ചി) ∙ തെക്കു കിഴക്കേഷ്യ, മധ്യ പൂർവേഷ്യ, പടി‌ഞ്ഞാറൻ യൂറോപ്പ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന രാജ്യാന്തര ഇൻർനെറ്റ് കേബിൾ ശൃംഖല (സീ–മീ–വീ–3) കുണ്ടന്നൂരിൽ വീണ്ടും മുറിഞ്ഞു. ബിഎസ്എൻഎല്ലിന്റേത് ഉൾപ്പെടെയുള്ള നെറ്റ്‌വർക്കുകളുടെ പ്രധാന ഒപ്‌റ്റിക്കൽ ഫൈബർ കേബിളാണു മുറിഞ്ഞത്. വാർത്താവിനിമയ ബന്ധം തടസ്സപ്പെടാതിരിക്കാൻ സ്വകാര്യ ലൈനുകളിലൂടെ സിഗ്നലുകൾ കടത്തിവിട്ടെങ്കിലും പ്രശ്നം എല്ലാ ഓപ്പറേറ്റർമാരെയും ബാധിച്ചിട്ടുണ്ട്.

വിനിമയശേഷി കുറവായതിനാൽ രാജ്യാന്തരതലത്തിൽ വിവരവിനിമയത്തിൽ കുറവുണ്ടായി. ഡേറ്റ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കേബിളിന്റെ ഇന്ത്യയിലെ ചുമതലക്കാരായ വിഎസ്എൻഎൽ (വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ്) അധികൃതർ അവകാശപ്പെടുന്നത്. മുംബൈക്കു കരമാർഗമുള്ള എൻഎൽഡി (നാഷനൽ ലോങ് ഡിസ്റ്റൻസ്) ഒപ്ടിക്കൽ കേബിൾ വഴി ബാക്അപ് ഡേറ്റ തിരിച്ചെ‌ടുത്തി‌‌ട്ടുണ്ട്. പല കമ്പനികൾക്കും പല അളവിലാണ് ബാൻഡ്‌വി‍ഡ്ത് എന്നതിനാൽ നഷ്ടം കണക്കാക്കാനായിട്ടില്ല.

ജംക്‌ഷന്റെ മധ്യത്തിൽ പൈലിങ്ങ് നടത്തുമ്പോൾ ഞായർ പുലർച്ചെ ഒന്നരയോടെയാണു കേബിൾ മുറിഞ്ഞത്. കൊച്ചി എണ്ണ ശുദ്ധീകരണ ശാലയിലേക്കുള്ള എണ്ണക്കുഴലുകൾ കടന്നുപോകുന്നതിനാൽ എട്ടു മീറ്റർ താഴെയാണ് ഇവിടെ കേബിൾ വലിച്ചിട്ടുള്ളത്. ഇതു പൂർണമായും തകർന്നു. കഴിഞ്ഞ സെപ്റ്റംബർ 18നും റോഡുപണിക്കിടെ ഇവിടെ കേബിൾ മുറിഞ്ഞിരുന്നു. അന്ന് 6 മണിക്കൂറിനുള്ളിൽ തകരാർ പരിഹരിക്കാനായി. ഇതേ കേബിൾ ഇതിനു മുൻപു കുമ്പളത്തും കണ്ണാടിക്കാട്ടും ഹൈവേ നിർമാണത്തിനിടെ മുറിഞ്ഞപ്പോഴും മണിക്കൂറുകൾക്കുള്ളിൽ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആദ്യമായാണ് പ്രശ്നപരിഹാരം നീളുന്നത്.

പരിഹാരം ശനിയാഴ്ചയോടെ

മരട് ∙ നയതന്ത്രതല സമ്മർദം ഏറിയതോടെ ഇന്നലെ രാത്രിയോടെ ജംക്‌ഷൻ വെട്ടിപ്പൊളിക്കാൻ അനുമതിയായി. അവിടെ പൈലിങ് തീർന്നതും അനുകൂലമായി. രാത്രിയിൽ മാത്രമാകും പൊളിക്കൽ. ഏകദേശം 700 മീറ്ററോളം കേബിൾ റോഡിന്റെ കിഴക്കേ അറ്റത്തേക്കു മാറ്റും. കേബിൾ തകരാർ മൂലം ഭാവിയിൽ റോഡ് വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാൻ, പുതുതായി നിർമിക്കുന്ന യൂട്ടിലിറ്റി ഡക്റ്റിലാകും ഇതു സ്ഥാപിക്കുക. 3 ദിവസം എടുത്തേക്കും. അതുവരെ ഇന്റർനെറ്റ് വിനിമയത്തിൽ കുറവുണ്ടാകും.