വനിതാ മതിലിന് സർക്കാരിന്റെ പണമില്ല; ‌വകുപ്പുകളുടെ പദ്ധതി വിഹിതത്തിൽ നിന്നാവാം

തിരുവനന്തപുരം ∙ വനിതാ മതിലിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനും വകുപ്പുകളുടെ ഏകോപനത്തിനുമായി സർക്കാർ പണം ചെലവിടുമെന്ന ചീഫ് സെക്രട്ടറിയുടെ വിവാദ ഉത്തരവ് സർക്കാർ തിരുത്തി. സർക്കാർ പണം ചെലവിടുമെന്ന ഭാഗം ഒഴിവാക്കി പുതിയ ഉത്തരവ് സാമൂഹികനീതി സെക്രട്ടറി ഷർമിള മേരി ജോസഫ് പുറത്തിറക്കി. വനിതാ മതിൽ സംഘടിപ്പിക്കാൻ സർക്കാർ പണം ചെലവിടരുതെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് ചീഫ് സെക്രട്ടറിക്കു കത്തു നൽകിയിരുന്നു. ഇതിനു പിന്നാലെയാണു പണം ചെലവിടുന്നെന്ന ഭാഗം ഒഴിവാക്കാൻ ചീഫ് സെക്രട്ടറി നിർദേശിച്ചതും തിരുത്തൽ ഉത്തരവിറങ്ങിയതും.

അതേസമയം, വനിതാ മതിലിന്റെ പ്രചാരണത്തിനും സംഘാടനത്തിനുമായി സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നതു തുടരുകയാണ്. പുതിയ ചെലവിനം സൃഷ്ടിച്ചു പണം ചെലവിടുന്നതിനു മാത്രമേ ഈ ഭേദഗതി വഴി തടസ്സമുണ്ടാകൂ. പകരം എല്ലാ വകുപ്പുകൾക്കും തങ്ങളുടെ നിലവിലെ പദ്ധതി വിഹിതത്തിൽ നിന്നു വനിതാ മതിലിനായി പണം ചെലവിടാം. പബ്ലിക് റിലേഷൻസ് വകുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. സ്കൂൾ പ്രിൻസിപ്പൽമാരുടെ യോഗം ജില്ലാതലത്തിൽ‌ വിളിച്ചു ചേർത്തിട്ടുണ്ട്.