പാ‍ർട്ടിക്കാരിയുടെ മാനം കാക്കാതെ നവോത്ഥാനം പറയാനാകുമോ?: ചെന്നിത്തല

തിരുവനന്തപുരം∙ സ്വന്തം പാർട്ടിപ്രവർത്തകയുടെ പോലും മാനം സംരക്ഷിക്കാത്ത സിപിഎമ്മാണോ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ വനിതാ മതിൽ തീർക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

പി.കെ. ശശി എംഎൽഎയ്‌ക്കെതിരെ പാർട്ടിയുടെ വനിതാ നേതാവ് പരാതിപ്പെട്ടപ്പോൾ ശശിയെ സംരക്ഷിക്കുകയും പരാതിക്കാരിയെ പ്രതിയാക്കാൻ ശ്രമിക്കുകയുമാണു സിപിഎം അന്വേഷണ കമ്മിഷൻ ചെയ്തിരിക്കുന്നത്. ഇതാണോ സിപിഎം പറയുന്ന നവോത്ഥാന മൂല്യം? പരാതിക്കാരി ദുരുദ്ദേശ്യത്തോടെ ശശിയെ കുടുക്കാൻ ശ്രമിച്ചുവെന്ന മട്ടിലാണു കമ്മിഷന്റെ റിപ്പോർട്ട്. സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിൽ ശശി യുവതിയോടു മോശമായി പെരുമാറിയതിനു ദൃക്‌സാക്ഷികളുണ്ടോയെന്ന കമ്മിഷന്റെ ചോദ്യം അപഹാസ്യമാണ്. സ്ത്രീയോട് അതിക്രമത്തിനു മുതിരുന്നയാൾ ദൃക്‌സാക്ഷിയെ കൊണ്ടുനിർത്തിയിട്ട് അതു ചെയ്യുമെന്നാണോ കമ്മിഷൻ കരുതുന്നത്? മാത്രമല്ല, ഈ നിഗമനം പരാതി കെട്ടിച്ചമച്ചതാണെന്ന ധ്വനി നൽകുന്നു. 

ഫോണിൽ ശശി മോശമായി സംസാരിച്ചുവെന്നു കമ്മിഷൻ സമ്മതിച്ചതു തന്നെ യുവതി അതു റെക്കോർഡ് ചെയ്തു നൽകിയതു കൊണ്ടു നിവൃത്തിയില്ലാതെ ചെയ്തതാണ്. വേട്ടക്കാരനെ സംരക്ഷിക്കുകയും ഇരയെ വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് ഇക്കാര്യത്തിൽ പാർട്ടിയുടേത്. എന്നിട്ട് കേരളത്തിലെ വനിതകളുടെ ആത്മാഭിമാനത്തിനായി മതിൽ സൃഷ്ടിക്കാൻ ധാർമികമായി എന്ത് അവകാശമാണുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.