ക്രിസ്മസ് അവധിക്ക് കേരളത്തിലേക്ക് സ്പെഷൽ ട്രെയിനില്ല

കൊല്ലം ∙ ഈ ക്രിസ്മസ് അവധിക്കാലത്ത് കേരളത്തിലേക്കു സ്പെഷൽ ട്രെയിൻ സർവീസില്ല. കേരളത്തിലേക്കുള്ള മിക്ക ട്രെയിനുകളിലും റിസർവേഷൻ നേരത്തെ തന്നെ വെയ്റ്റിങ് ലിസ്റ്റ് ആയതോടെ മലയാളികളുടെ അവധിക്കാല യാത്ര ദുരിതമാകും. ചെന്നൈയിൽ നിന്നു തിരുവനന്തപുരത്തേക്കാണു സാധാരണ ക്രിസ്മസ് സ്പെഷൽ ട്രെയിനുകൾ അനുവദിക്കുക.

ക്രിസ്മസിന് ഒരാഴ്ച പോലും ബാക്കിയില്ലാതിരിക്കെ ഇതുവരെ ദക്ഷിണ റെയിൽവേ അധികൃതരുടെ ഭാഗത്തു നിന്നു പ്രഖ്യാപനങ്ങളൊന്നുമില്ല. ചിങ്ങവനം– ചങ്ങനാശേരി ഭാഗത്തെ റെയി‍ൽവേ ട്രാക്കിൽ ഇപ്പോൾ നടന്നുവരുന്ന പ്രധാന അറ്റകുറ്റപ്പണികളും സ്പെഷൽ ട്രെയിൻ അനുവദിക്കുന്നതിനു തടസ്സമാണ്.

12ന് ആരംഭിച്ച പണികൾക്കായി 23 വരെ ഈ വഴിയുള്ള ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയം വഴി സർവീസ് നടത്തുന്ന ഒട്ടേറെ ദീർഘദൂര ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിട്ടിരിക്കുകയാണ്. ദിവസേനയുള്ള യാത്രക്കാർക്ക് ആശ്രയമായ പാസഞ്ചർ, മെമു ട്രെയിനുകളുടെ സർവീസ് റദ്ദാക്കിയിരിക്കുകയുമാണ്.