ട്രെയിനുകൾ വൈകുന്നു; ദുരിതയാത്രയിൽ ജനം

തൃശൂർ ∙ പാതയിലെ പണിയുടെ പേരിൽ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടുന്നതോടെ ഏതാനും ദിവസമായി കേരളത്തിലെ ട്രെയിൻ യാത്ര ദുരിതപൂർണമായി. പല ദീർഘദൂര ട്രെയിനുകളും നാലു മണിക്കൂർ വരെ വൈകിയാണ് ഓടുന്നത്. ഇടപ്പള്ളിയിൽ ഇന്ന് അറ്റകുറ്റപ്പണി ആരംഭിക്കുന്നതോടെ ദുരിതം ഇരട്ടിക്കുമെന്നാണ് ആശങ്ക. മൂന്നു ദിവസത്തേക്ക് ഇവിടെ രണ്ടു മണിക്കൂർ നിയന്ത്രണം വരുന്നതോടെ എറണാകുളം – തൃശൂർ പാതയിൽ മിക്ക വണ്ടികളും വൈകും. ഇത് 24 വരെ നീളാനും സാധ്യതയുണ്ട്. അതേസമയം, മൂൻകൂട്ടി അറിയിപ്പു നൽകിയാണ് പണി എന്നതാണ് റെയിൽവേ നൽകുന്ന വിശദീകരണം. 

കായംകുളത്തിനും കോട്ടയത്തിനുമിടെ ചെങ്ങന്നൂർ സ്റ്റേഷനിലെ അറ്റകുറ്റപ്പണിയും ചിങ്ങവനം സ്റ്റേഷനിലെ പുതിയ പാതയുടെ പണിയുമാണ് ട്രെയിനുകൾ പിടിച്ചിടാൻ കാരണം. കോട്ടയം പാതയിലെ ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിട്ടതോടെ അതുവഴിയുള്ള ട്രെയിനുകളെല്ലാം വൈകുന്ന സ്ഥിതിയായി. കോട്ടയം റൂട്ടിൽ വടക്കോട്ടുള്ള പകൽ ട്രെയിനുകളാണു പ്രധാനമായും വൈകുന്നത്. മൂന്നു ദിവസമായി മുംബൈ ജയന്തി ജനതയും കേരള എക്സ്‌പ്രസും മൂന്നു ദിവസമായി മൂന്നു മണിക്കൂറിലേറെയും ബെംഗളൂരു എക്സ്‌പ്രസ് രണ്ടു മണിക്കൂറും വൈകിയാണ് കോട്ടയത്തെത്തിയത്. 

ഇതേത്തുടർ‍ന്ന് പിന്നീടുള്ള എല്ലാ വണ്ടികളും വൈകി. ഇടപ്പള്ളിയിലും മറ്റും പിടിക്കുന്നതിനാൽ തെക്കോട്ടുള്ള മിക്ക വണ്ടികളും വൈകുന്നുണ്ട്. ഇവ അടുത്ത ദിവസങ്ങളിൽ കൂടുതൽ വൈകാനാണ് സാധ്യത. രാവിലെ തിരുവനന്തപുരത്തും കൊല്ലത്തും കൃത്യസമയം പാലിക്കുന്ന വണ്ടികൾ കായംകുളത്തും മാവേലിക്കരയിലും പിടിച്ചിടുന്നതോടെ ദീർഘദൂര യാത്രക്കാർ വണ്ടിയിൽ തന്നെ കഴിച്ചു കൂട്ടേണ്ട സ്ഥിതിയാണ്. ശബരിമല തീർഥാടകരടക്കം ആയിരക്കണക്കിന് ആളുകളാണ് ഇതുമൂലം ഗതികേടിലായത്.